തിരുവനന്തപുരം: കടത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കെ.എസ്.ആര്.ടി.സി തൊഴിലാളി യൂണിയനുകള്‍ക്കെതിരേ ഹൈക്കോടതിയില്‍. വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തൊഴിലാളി യൂണിയനുകള്‍ അട്ടിമറിക്കുന്നു എന്ന് ആരോപിച്ചാണ് കെ.എസ്.ആര്.ടി.സി മാനേജ്മെന്റ് യൂണിയനുകള്‍ക്കെതിരേ കോടതിയില്‍. കടത്തില്‍ നിന്ന് കരകയാറാന്‍ ആവിഷ്കരിക്കുന്ന എല്ലാ പദ്ധതികളെയും എതിര്‍ക്കുക എന്നത് പൊതുരീതിയാണെന്നും കെ.എസ്.ആര്.ടി.സി ഹൈക്കോടതിയെ അറിയിച്ചു. 2022ല്‍ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണം നടക്കാത്തത് ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹര്‍ജികളിലാണ് കെ.എസ്.ആര്.ടി.സി യൂണിയനുകള്‍ക്കെതിരേ നിലപാടെടുത്തത്.
പ്രതിവര്‍ഷം 1500 കോടി രൂപയുടെ നഷ്ടത്തിലാണ് കെ.എസ്.ആര്.ടി.സി പ്രവര്‍ത്തിക്കുന്നത്. പ്രതിമാസ വരുമാനം ശമ്പള വിതരണത്തിന് പോലും എത്തുന്നില്ല. വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികളെ ഒരുകൂട്ടം ജീവനക്കാരും തൊഴിലാളി യൂണിയനുകളും വിജയകരമായി അട്ടിമറിക്കുകയാണ്. മാനേജ്മെന്റ് കൊണ്ടുവരുന്ന എല്ലാ പദ്ധതികളെയും എതിര്‍ക്കുക എന്നത് പൊതുരീതിയായെന്നും കടത്തില്‍ മുങ്ങുന്ന സ്ഥാപനത്തിന്റെ അവസ്ഥയെക്കുറിച്ച് ഇവര്‍ ചിന്തിക്കുന്നില്ലെന്നും മാനേജ്മെന്റ് കുറ്റപ്പെടുത്തുന്നു.
2022 ജനുവരിക്ക് ശേഷം വിരമിച്ച 978 പേരില്‍ 23 പേര്‍ക്കാണ് ആനുകൂല്യം നല്‍കിയത്. 50 കോടി രൂപയെങ്കിലുമില്ലാതെ ഇത് പൂര്‍ണ്ണമായി നല്‍കാനാകില്ല. സര്‍ക്കാരിനോട് സഹായം തേടിയെങ്കിലും അനുകൂല മറുപടിയുണ്ടായില്ല. 2023 മാര്‍ച്ച് മുതല്‍ സ്വന്തം നിലയില്‍ വരുമാനം കണ്ടെത്താനാണ് സര്‍ക്കാര്‍ പറയുന്നതെന്നും രണ്ട് വര്‍ഷം ഇല്ലാതെ ആനുകൂല്യവിതരണം പൂര്‍ണമായി നല്‍കാനാകില്ലെന്നും കെ.എസ്.ആര്.ടി.സി മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു.