കൊച്ചി: ബി.ജെ.പിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ആരുമായും സഖ്യത്തിന് തയ്യാറെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സി.പി.എം സഹകരണത്തിന്റെ പശ്ചാത്തലത്തിലാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം. കേരള ഘടകത്തിന് അന്ധമായ കോണ്‍ഗ്രസ് വിരോധമാണ്. യെച്ചൂരി കേരളത്തിലെ നേതാക്കള്‍ക്ക് കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ കോണ്‍ഗ്രസ് – സി.പി.എം സഹകരണം തകര്‍ക്കാന്‍ പറ്റില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ മണിക് സര്‍കാര്‍ വ്യക്തമാക്കി. ത്രിപുരയില്‍ ഇരു പാര്‍ട്ടികള്‍ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് പ്രചാരണത്തില്‍ പിന്നില്‍ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞ സീറ്റിലേ മത്സരിക്കുന്നുള്ളുവെങ്കിലും കോണ്‍ഗ്രസ് മേഖലകളിലെ റാലികളിലെല്ലാം സി.പി.എം കൊടികള്‍ക്കൊപ്പം തന്നെയാണ് കോണ്‍ഗ്രസിന്റെ മൂവര്‍ണകൊടിയും പാറുന്നത് പ്രചാരണ റാലികളിലെ വേദിയിലുമെല്ലാം അരിവാള്‍ ചുറ്റികക്കൊപ്പം തന്നെ കൈപ്പത്തിയുമുണ്ട്. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയെ തോല്‍പ്പിക്കാന്‍ വ്യത്യസ്ത ചേരിയിലാണെങ്കിലും മതേതര പാര്‍ട്ടികള്‍ സഹകരിക്കണമെന്നതാണ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് ബംഗാളിന് പിന്നാലെ ത്രിപുരയിലും കോണ്‍ഗ്രസ് സി.പി.എം കൂട്ട്‌കെട്ട് ഉടലെടുത്തത്.
രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം വച്ചാണ് കോണ്‍ഗ്രസ് പ്രചാരണമെങ്കിലും തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും ഇവരാരും പ്രചാരണത്തിന് എത്തിയിട്ടില്ല. ആ നിലക്ക് ധാരണ അനുസരിച്ച് കിട്ടിയ പതിമൂന്ന് സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ആശ്രയിക്കുന്നത് സി.പി.എം സംഘടന സംവിധാനത്തെയാണ്.