ന്യൂഡല്‍ഹി: ത്രിപുരയില്‍ കോണ്‍ഗ്രസ് – സി.പി.എം സഖ്യത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയില്‍ ദോസ്തിയും കേരളത്തില്‍ ഗുസ്തിയുമാണ് രണ്ട് പാര്‍ട്ടികളും തമ്മിലെന്നാണ് മോദിയുടെ വിമര്‍ശനം. രാധാകിഷോര്‍പൂരില്‍ നടന്ന പ്രചാരണറാലിയിലാണ് മോദിയുടെ പരാമര്‍ശം. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ജനങ്ങളെ കൂടുതല്‍ ദരിദ്രരാക്കി മാറ്റുന്നു. ജനങ്ങള്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നവര്‍ അവരുടെ സങ്കടങ്ങള്‍ അറിയുന്നില്ലെന്നും മോദി വിമര്‍ശിച്ചു. ത്രിപുരയിലെ ജനങ്ങളെ വര്‍ഷങ്ങളായി കൊള്ളയടിച്ചവര്‍ തെരഞ്ഞെടുപ്പില്‍ ഒന്നിക്കുകയാണ്, ബി.ജെ.പിയുടെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണ് ത്രിപുരയില്‍ വികസനമെത്തിച്ചതെന്നും മോദി പറഞ്ഞു.
ത്രിപുരയെ സംഘര്‍ഷമുക്തമാക്കിയത് ബി.ജെ.പിയാണെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും സംസ്ഥാനത്തിന്റെ വികസനം ഇല്ലാതാക്കി. ത്രിപുരയെ പുരോഗതിയിലേക്ക് നയിച്ചത് ബി.ജെ.പി സര്‍ക്കാരാണെന്നും അംബാസയിലെ പ്രചാരണ റാലിയില്‍ മോദി പറഞ്ഞിരുന്നു. അതേസമയം, ത്രിപുരയില്‍ അര്‍ദ്ധ സൈനിക വിഭാഗത്തിന് പകരം ഗുജറാത്ത് അസം പോലിസിനെ വിന്യസിച്ചതിനെതിരെ സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ ഗോമതിയിലെയും അംബാസയിലെയും റാലികളിലാണ് പ്രധാനമന്ത്രി ഇന്ന് പ്രചാരണത്തിന് എത്തിയത്. പ്രധാനമന്ത്രിയുടെ പ്രചാരണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.