ദോഹ: ഇന്ത്യയുടെ പുരോഗതിയില്‍ പ്രവാസികളുടെ പങ്ക് നിസ്തുലമാണെന്നും അതിന് സൗകര്യമൊരുക്കിയ ഗള്‍ഫ് രാജ്യങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും എന്‍.ആര്.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും പ്രവാസി ഭാരതി മുഖ്യ പത്രാധിപരുമായ പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ് അഭിപ്രായപ്പെട്ടു. ഖത്തറിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ മീഡിയ പ്ലസും റേഡിയോ സുനോയും ചേര്‍ന്നൊരുക്കിയ ഇശല്‍ നിലാവ് സീസണ് 2 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് ഗള്‍ഫ് പ്രവാസം വലിയ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. പ്രവാസി പെന്ഷന്, പുനരധിവാസ പദ്ധതി തുടങ്ങി പ്രവാസികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നത്. പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ ഇനിയും കുറേ പരിഹരിക്കാനുണ്ട്. അതിനുളള നിരന്തര ശ്രമങ്ങള്‍ നടന്നുവരികയാണ്. പ്രവാസികള്‍ ജോലി ചെയ്യുന്ന നാടിനോടും സംസ്കാരത്തോടും ആദരവ് നിലനിര്‍ത്തിയാണ് രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍ ബാബുരാജന്, ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡന്റ് ഡോ.കെ.സി.സാബു, ഡോം ഖത്തര്‍ പ്രസിഡന്റ് മശ്ഹൂദ് തിരുത്തിയാട് എന്നിവര്‍ ചേര്‍ന്ന് ഡോ.എസ്.അഹ്മദിനെ ആദരിച്ചു.