ഓണ്‍ലൈന്‍ തട്ടിപ്പില്‍ വീട്ടമ്മക്ക് ഒന്നേകാല്‍ ലക്ഷം നഷ്ടമായി

ഓണ്‍ലൈന്‍ തട്ടിപ്പില്‍ വീട്ടമ്മക്ക് ഒന്നേകാല്‍ ലക്ഷം നഷ്ടമായി

ന്യൂമാഹി: ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ പേരില്‍ സമ്മാന തട്ടിപ്പ് നടത്തുന്നതായി പരാതി. തട്ടിപ്പിനിരയായി കബളിപ്പിക്കപ്പട്ട പെരിങ്ങാടിയിലെ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് ഒന്നേകാല്‍ ലക്ഷത്തിലേറെ രൂപ. പെരിങ്ങാടി തൗബാ മന്‍സിലില്‍ ആമിനാ നൗഷാദാണ് ആസൂത്രിത തട്ടിപ്പിനിരയായത്. 1,27,100 രൂപ ഇവര്‍ക്ക് നഷ്ടപ്പെട്ടു. മീഷോ ഓണ്‍ലൈന്‍ സ്ഥാപനത്തിലൂടെ ഇടക്കെല്ലാം സാധനങ്ങള്‍ വാങ്ങുന്ന ആമിനാ നൗഷാദിന്റെ പേരില്‍ ഏതാനും ദിവസം മുന്‍പ് ഒരു രജിസ്‌ട്രേഡ് കവര്‍ വഴി സ്‌ക്രാച്ച് ആന്റ് വിന്‍ കൂപ്പണ്‍ ലഭിച്ചു. ചുരണ്ടി നോക്കിയപ്പോള്‍ 13,50,000 രൂപ സമ്മാനം അടിച്ചെന്ന തരത്തിലായിരുന്നു കൂപ്പണില്‍ പ്രത്യക്ഷ്യപ്പെട്ടത്. അതില്‍ കാണപ്പെട്ട വാട്‌സാപ് നമ്പറില്‍ തെളിവുകള്‍ അയച്ചു നല്‍കുകയും മറ്റൊരു നമ്പറില്‍ നിന്നും മീഷോവിന്റെ എക്‌സിക്യൂട്ടിവാണെന്ന് പറഞ്ഞ് ഒരാള്‍ വിളിക്കുകയും ചെയ്തു.

കൂപ്പണ്‍ വെരിഫൈ ചെയ്യേണ്ടതുണ്ടെന്നായിരുന്നു അയാള്‍ നല്‍കിയ സന്ദേശം.വേരിഫൈ ചെയ്തതിനുശേഷം വീട്ടമ്മയ്ക്ക് ഫോണ്‍ സന്ദേശങ്ങള്‍ വന്നു കൊണ്ടേയിരുന്നു. ആദ്യം ആവശ്യപ്പെട്ടത് സമ്മാനസംഖ്യയുടെ ഒരു ശതമാനം ഉടന്‍ അയക്കണമെന്നായിരുന്നു. പതിമൂന്നര ലക്ഷത്തിനായി വീട്ടമ്മ 14,000 മുതല്‍ 1,27,100 രൂപ വരെ വിവിധ ഗഡുക്കളായി അയച്ചു നല്‍കിയെങ്കിലും സമ്മാനം മാത്രം വന്നില്ല. വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞ് 1, 21,500 രൂപ വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് ഇത് തട്ടിപ്പാണെന്നും താന്‍ വഞ്ചിക്കപ്പെട്ടതായും വീട്ടമ്മ തിരിച്ചറിഞ്ഞത്. വൈകാതെ ന്യൂ മാഹി പോലിസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത ന്യൂമാഹി പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പിന്റെ സൂത്രധാരന്‍ മലയാളിയാണെന്നും കണ്ടെത്തിയിട്ടുണ്ട് പൊലീസ് വഞ്ചനാകുറ്റത്തിന് (ഐ.പി.സി.420) പ്രകാരമാണ് കേസടുത്തത്. ഇന്‍സ്പക്ടര്‍ പി.വി.രാജന്റെ മേല്‍നോട്ടത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ.മഹേഷ് കണ്ടമ്പേത്തിനാണ് അന്വേഷണ ചുമതല.

 

Share

Leave a Reply

Your email address will not be published. Required fields are marked *