ക്ഷീരഗ്രാമം പദ്ധതി കൂടുതല്‍ ഇടങ്ങളില്‍ നടപ്പിലാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

ക്ഷീരഗ്രാമം പദ്ധതി കൂടുതല്‍ ഇടങ്ങളില്‍ നടപ്പിലാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ഷീരഗ്രാമം പദ്ധതി കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. തൃശൂര്‍ മണ്ണുത്തിയില്‍ നടക്കുന്ന സംസ്ഥാന ക്ഷീര സംഗമത്തോടനുബന്ധിച്ച് മാടക്കത്തറ പഞ്ചായത്തില്‍ അനുവദിച്ച ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷം 20 പഞ്ചായത്തുകള്‍ക്ക് 50 ലക്ഷം രൂപ വീതംവച്ച് 10 കോടി രൂപയാണ് ക്ഷീരഗ്രാമം പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.
പശുക്കളെ വാങ്ങുക, തൊഴുത്ത് നിര്‍മ്മാണം, ക്ഷീരമേഖല യന്ത്രവല്‍ക്കരണം, തീറ്റപ്പുല്ല് വളര്‍ത്തല്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ഗുണഭോക്താക്കളില്‍ നിന്നും ലഭിക്കുന്നത്. അതുകൊണ്ട് അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് പദ്ധതി വ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ 84 കറവപ്പശുക്കളെ വാങ്ങുന്നതിനുള്ള അനുമതിപത്രം മന്ത്രിമാരായ ജെ.ചിഞ്ചുറാണി, റവന്യൂ മന്ത്രി അഡ്വ. കെ.രാജന്‍ എന്നിവര്‍ കര്‍ഷകര്‍ക്ക് കൈമാറി.
സംസ്ഥാനകത്ത് തന്നെ കൂടുതല്‍ തനത് പശുക്കളേയും സങ്കരയിനം പശുക്കളേയും ഉല്‍പ്പാദിപ്പിക്കാനുള്ള പ്രത്യുല്‍പ്പാദന നടപടികള്‍ കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് വഴി സ്വീകരിച്ചുവരികയാണെന്നും ഇതിലൂടെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പശുക്കളുടെ ഇറക്കുമതി കുറയ്കാനാകുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ക്ഷീരസംഗമം ചെയര്‍മാന്‍ കൂടിയായ റവന്യൂമന്ത്രി അഡ്വ. കെ.രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹന്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.എസ് വിനയന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ സുരേഷ് ബാബു, കെ.പി പ്രശാന്ത്, പുഷ്പ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *