കോഴിക്കോട്: സംസ്ഥാനത്തെ വന്‍കിട തോട്ടം ഉടമകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി ഇളവ് നിലവില്‍ വന്നു. തോട്ടം മേഖലയുടെ നികുതി ഒഴിവാക്കിക്കൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. തോട്ടം മേഖലയിലെ പ്രതിസന്ധിയുടെ പേരിലാണ് തോട്ടം നികുതിയും കാര്‍ഷിക ആദായ നികുതിയും വേണ്ടെന്നു വച്ചത്.
തോട്ടം മേഖല ആകെ നഷ്ടത്തിലാണെന്ന ഉടമകളുടെ വാദം അതേപടി അംഗീകരിച്ചായിരുന്നു തോട്ടം നികുതി ഒഴിവാക്കിക്കൊണ്ട് നിയമനിര്‍മാണം നടത്താന്‍ പിണറായി സര്‍ക്കാര്‍ 2018ല്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ബില്ലിലാണ് ഗവര്‍ണര്‍ അടുത്തിടെ ഒപ്പുവച്ചത്. ഇതിനു പുറമെ മറ്റ് രണ്ട് വന്‍ ഇളവുകള്‍ കൂടി സര്‍ക്കാര്‍ തോട്ടം ഉടമകള്‍ക്കായി അന്ന് പ്രഖ്യാപിച്ചിരുന്നു.
കാര്‍ഷികാദായ നികുതിക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തിയതായിരുന്നു ഒന്ന്. തോട്ടങ്ങളില്‍ നിന്ന് മുറിക്കുന്ന റബ്ബര്‍ മരങ്ങള്‍ക്ക് പണം അടയ്ക്കണമെന്ന സിനിയറേജ് വ്യവസ്ഥ റദ്ദ് ചെയ്തതായിരുന്നു മറ്റൊന്ന്. ഹാരിസണ്‍ മലയാളം ലിമിറ്റഡ് അടക്കം സര്‍ക്കാര്‍ തന്നെ അവകാശം ഉന്നയിച്ച് കേസ് നടത്തി വരുന്ന തോട്ടങ്ങള്‍ക്കടക്കമാണ് ഈ ഇളവ് കിട്ടുന്നത് എന്നത് മറ്റൊരു കാര്യം. റബ്ബര്‍, തേയില, കാപ്പി, ഏലം, കൊക്കോ ഉള്‍പ്പെടെയുളള തോട്ട വിഷകള്‍ക്ക് ഹെക്ടറിന് 700 രൂപയായിരുന്നു തോട്ടം നികുതി ഈടാക്കിയിരുന്നത്. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നികുതിയെന്ന പേരിലായിരുന്നു തോട്ടം നികുതി പിന്‍വലിക്കാനുളള തീരുമാനം.
തോട്ടം മേഖലയുടെ പുനരുദ്ധാരണം സംബന്ധിച്ച് ജസ്റ്റിസ് എന്‍ കൃഷ്ണന്‍ നായര്‍ അധ്യക്ഷനായ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു നടപടി. എന്നാല്‍ ഇതേ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം തോട്ടങ്ങളിലെ തൊഴിലാളികളുടെ താമസ സൗകര്യം മെച്ചപ്പെടുത്താനും സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള സ്ഥലവും ചെലവിന്റെ പകുതിയും തോട്ടമുടമകള്‍ വഹിക്കുമെന്നുമായിരുന്നു ബില്‍ അവതരിപ്പിക്കുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ നികുതി ഇളവുകളുടെ നേട്ടമെല്ലാം ഉടമകളുടെ കൈകളിലെത്തിയിട്ടും തോട്ടം തൊഴിലാളികളുടെ ദുരിതജീവിതത്തിന് മാത്രം മാറ്റമില്ല.