കോഴിക്കോട്: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന അന്ത്യോഖ്യാപാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവായുടെ 91-ാമത് ദുഖ്റോനോ പെരുന്നാളില്‍ സംബന്ധിക്കുന്നതിനായി പോകുന്ന തീര്‍ത്ഥാടകര്‍ക്ക് കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ സ്വീകരണം നല്കി. യാക്കോബായ സുറിയാനി സഭയുടെ അയര്‍ലണ്ട് – മുംബൈ ഭദ്രാസനാധിപന്‍ തോമസ് മോര് അലക്സന്ത്രയോസ് മെത്രാപ്പോലീത്തായുടെ ആത്മീയ നേതൃത്വത്തില്‍ ഭദ്രാസന സെക്രട്ടറി വിത്സന് ഫിലിപ്പ് കോറെപ്പിസ്ക്കോപ്പാ, റവ.ഫാ. ഗീവര്‍ഗീസ് മാവിനാല്‍ , റവ ഫാ . ജയ്സണ്‍ കുറിയാക്കോസ് ഉള്‍പ്പെടെയുള്ള വൈദികരും 200ലധികം വിശ്വാസികളുമടങ്ങുന്ന തീര്‍ത്ഥാടക സംഘം നെരൂള്‍ സെന്റ് തോമസ് യാക്കോബായ പള്ളിയില്‍ നിന്നും പ്രാര്‍ത്ഥിച്ചാണ് യാത്ര ആരംഭിച്ചത്.
പന്‍വേല്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ യല്‍ദോ കോടിയാട്ട് അച്ചന്റെ നേതൃത്വത്തില്‍ സെന്റ് ജോര്‍ജ് ഇടവകയിലെ വിശ്വാസികള്‍ തീര്‍ത്ഥാടക സംഘത്തെ പ്രാര്‍ത്ഥനാ പൂര്‍വം സ്വീകരിച്ചു.സതിരുവല്ല, കാവുംഭാഗം, സെന്റ് ജോര്‍ജ്ജ് യാക്കോബായ കത്തീഡ്രലില്‍ ഇന്ന് എത്തിച്ചേര്‍ന്ന് ഡോ.ഗീവര്‍ഗീസ് മോര് കൂറിലോസ്, ഗീവര്‍ഗീസ് മോര് ബര്‍ണാബാസ് , തോമസ് മോര് അലക്സന്ത്രയോസ് എന്നീ തിരുമേനിമാരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പ്രാര്‍ത്ഥനകള്‍ക്കും നിരണം ഭദാസനം ക്രമീകരിക്കുന്ന സ്വീകരണ യോഗത്തിനും ശേഷം മഴുവങ്ങാട്, സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ സന്ധ്യാ പ്രാര്‍ത്ഥനയോടെ കേരളത്തിലെ വിവിധ തീര്‍ത്ഥാടക സംഘങ്ങളോടു ചേര്‍ന്ന് പദയാത്ര തുടരുന്നതാണ്.
ക്നാനായ അതി ഭദ്രാസനത്തിന്റെ കല്ലിശ്ശേരി മേഖല ആസ്ഥാനമായ വള്ളംകുളം ബെസ് ആനിയ അരമന പള്ളിയില്‍ കുറിയാക്കോസ് മോര് ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും ക്നാനായ അതിഭദ്രാസനത്തിലെ വൈദിക സംഘവും ചേര്‍ന്ന് മുംബൈ ഭദ്രാസനാധിപനേയും തീര്‍ത്ഥാടക സംഘത്തേയും സ്വീകരിച്ച് അരമന പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നതുമാണ്.
മുംബൈ തീര്‍ത്ഥാടക സംഘം പരിശുദ്ധന്റെ കബറിങ്കല്‍ 10-ന് എത്തിച്ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തി വിശുദ്ധ ആരാധനകളില്‍ സംബന്ധിക്കുന്നതും തുടര്‍ന്ന് കേരളത്തിലെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥനകള്‍ നടത്തും. യാമപ്രാര്‍ത്ഥനകളും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളുമായി ആത്മീയ നിറവില്‍ യാത്ര ചെയ്യുന്ന സംഘത്തിന് യാത്രയിലുടനീളം വിവിധ സംഘടനകളുടെയും ഇടവകകളുടെയും നേതൃത്വത്തില്‍ സ്വീകരണങ്ങള്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ളതായി ഭദ്രാസന സെക്രട്ടറി വിത്സന് ഫിലിപ്പ് കോറെപ്പിസ്ക്കോപ്പയും , തീര്‍ത്ഥാടക സംഘം ജനറല്‍ കണ്‍വീനര്‍മാരായ ജോസഫ് കെ.മാത്യുവും, ജയ് മോനും അറിയിച്ചു.