തിരുവനന്തപുരം: റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ ധനവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് സി.എ.ജി റിപ്പോര്‍ട്ട്. റവന്യൂ കുടിശ്ശികയായ 7,100.32 കോടി രൂപ അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ പിരിച്ചെടുത്തിട്ടില്ലായെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 1952 മുതലുള്ള എക്‌സൈസ് വകുപ്പിന്റെ കുടിശ്ശികയുമുണ്ട്. 2019-2021 കാലയളവിലെ റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. 12 വകുപ്പുകളിലായാണ് ഇത്രയും തുക പിരിക്കാനുള്ളത്.
തെറ്റായ നികുതി നിരക്ക് ചുമത്തിയതില്‍ 18.57 കോടി രൂപ നഷ്ടം വന്നതായും ആരോപണമുണ്ട്. 36 പേരുടെ നികുതി നിരക്കാണ് തെറ്റായി ചുമത്തിയത്. യോഗ്യത ഇല്ലാത്ത ഇളവ് ക്ലെയിം ചെയ്തു നല്‍കിയതില്‍ 11.09 കോടി രൂപയാണ് നഷ്ടം ഉണ്ടായത്. തെറ്റായ നികുതി നിര്‍ണയം നടത്തിയത് മൂലം ഏഴ് കോടി രൂപ കുറച്ച് പൂരിപ്പിച്ചു എന്നും റിപ്പോര്‍ട്ട് പറയുന്നു.
നികുതി രേഖകള്‍ കൃത്യമായി പരിശോധിക്കാത്തത് മൂലം നികുതി പലിശ ഇനത്തില്‍ 7.54 കോടി കുറഞ്ഞു. വാര്‍ഷിക റിട്ടേണില്‍ അര്‍ഹത ഇല്ലാതെ ഇളവ് നല്‍കിയത് വഴി 9.72 കോടി കുറഞ്ഞു. വിദേശ മദ്യ ലൈസന്‍സുകളുടെ അനധികൃത കൈമാറ്റം വഴി 26 ലക്ഷം കുറഞ്ഞു. റവന്യൂ വകുപ്പിന് കുടിശിക കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കുടിശ്ശിക പിരിച്ചെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രമിക്കുന്നില്ല. സ്റ്റേകള്‍ കാരണം 6143 കോടി പിരിച്ചെടുക്കാന്‍ ബാക്കിയാണ്. സ്റ്റേ ഒഴിവാക്കി തുക പിരിച്ചെടുക്കാന്‍ വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്നും വകുപ്പുകള്‍ ബാക്കി നില്‍ക്കുന്ന കുടിശ്ശികയുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കണമെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.