കോഴിക്കോട്: സ്വകാര്യ വ്യക്തികളുടെ നടവഴികള്‍, റോഡുകള്‍ തുടങ്ങിയവയ്ക്ക് കുറുകെ വൈദ്യുതലൈന്‍ വലിക്കുമ്പോള്‍ ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അതിന്റെ രേഖകള്‍ ഫയലില്‍ സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും വൈദ്യുതി ബോര്‍ഡ് മാനേജിംഗ് ഡയരക്ടറോട് സംസ്ഥാന വിവരാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. കോവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ പി.ദീപ്തി രാജ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ ഹിയറിംഗില്‍ തീര്‍പ്പാക്കവേ കമ്മിഷണര്‍ എ.അബ്ദുല്‍ ഹക്കിമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അനുമതി തേടാതെ ലൈന്‍ വലിച്ചത് സംബന്ധിച്ച് ദീപ്തി രാജിന്റെ പരാതിയില്‍ വകുപ്പുതല അന്വേഷണം നടത്തി മാര്‍ച്ച് 31നകം കമ്മീഷന് രേഖ ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചു.
നടുവണ്ണൂര്‍ ഹയര്‍ സെക്കഡറി സ്‌കൂളില്‍ 2021 ജൂണ്‍ 30ന് നടന്ന ജ്യോഗ്രഫി പ്രാക്ടിക്കല്‍ പരീക്ഷയിലെ ഉത്തരക്കടലാസുകള്‍ മുദ്രവച്ച കവറില്‍ കമ്മിഷന്‍ ആസ്ഥാനത്ത് മാര്‍ച്ച് ഏഴിന് ഹാജരാക്കണം. പത്തനംതിട്ട സ്വദേശി പി.ശശിധരന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാനായി മാനന്തവാടി ഡിവൈ.എസ്.പി, സുല്‍ത്താന്‍ ബത്തേരി പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എന്നിവര്‍ തെളിവെടുപ്പിനായി ഹാജരാകാത്തതിനെ തുടര്‍ന്ന് കമ്മിഷന്‍ ആസ്ഥാനത്തേക്ക് സമന്‍സ് അയച്ച് മാര്‍ച്ച് ഏഴിന് ഹാജരാകാന്‍ ഉത്തരവിട്ടു. ക്ഷീര വികസന വകുപ്പില്‍ വിവരാവകാശ ഓഫീസറായി ഫീഡര്‍ കാറ്റഗറിക്കാരെ നിയമിച്ചത് പുനഃപരിശോധിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. മുക്കം സബ് രജിസ്ട്രാര്‍ ഓഫിസില്‍ അഡ്വ.പാലത്ത് ഇമ്പിച്ചിക്കോയ ആവശ്യപ്പെട്ട രേഖകള്‍ വിവരാവകാശ നിയമപ്രകാരമുള്ള തുക മാത്രം ഈടാക്കി ഫെബ്രുവരി 28നകം നല്‍കണമെന്നും കമ്മിഷണര്‍ ഹക്കിം ഉത്തരവായി. കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസില്‍ 2020ലെ പ്രകൃതിദുരന്ത നിവാരണ അപേക്ഷയില്‍ വിവരം ലഭ്യമാക്കാതിരുന്ന ഓഫിസര്‍ക്കെതിരെ നിയമം 20 (1) പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കാനായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. സിറ്റിംഗില്‍ 18 രണ്ടാം അപ്പീല്‍ പരാതികള്‍ കമ്മിഷന്‍ തീര്‍പ്പാക്കി.