ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ലോക്‌സഭയിലെ രാഹുല്‍ഗാന്ധിയുടെ പ്രസംഗം ലോക്‌സഭ രേഖകളില്‍നിന്ന് നീക്കി. പ്രധാനമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് രാഹുല്‍ തെളിവ് ഹാജരാക്കാത്തതിനാലാണ് ലോക്‌സഭയിലെ രേഖകളില്‍നിന്ന് പ്രസംഗം നീക്കിയത്. പരാമര്‍ശങ്ങള്‍ നീക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കിയെന്ന് ലോക്‌സഭ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയേയും അദാനിയേയും ബന്ധപ്പെടുത്തിയാണ് രാഹുല്‍ഗന്ധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്.
പ്രധാനമന്ത്രിയേയും അദാനിയേയും ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് ബി.ജെ.പി നടപടി ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. രാജ്യസഭയില്‍ അദാനിയുടെ പേര് പറയാതെ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ആരോപണം ആവര്‍ത്തിച്ചു. രാജ്യസഭ ചെയര്‍മാനും ഭരണപക്ഷവും കോണ്‍ഗ്രസിനോട് തെളിവ് ചോദിച്ചു. ലോക്‌സഭ ചേര്‍ന്നയുടന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഭരണപക്ഷം നിലപാട് കടുപ്പിച്ചു. ഒരു തെളിവും മേശപ്പുറത്ത് വയ്ക്കാതെയാണ് പ്രധാനമന്ത്രിക്കെതിരേ രാഹുല്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. പ്രധാനമന്ത്രി സഭയില്‍ ഇല്ലാതിരുന്നപ്പോള്‍. ബി.ജെ.പി അഗം നിഷികാന്ത് ദുബൈ നല്‍കിയ അവകാശലംഘന നോട്ടീസില്‍ നടപടികള്‍ തുടങ്ങണമെന്നും രാഹുലിന്റെ പ്രസംഗം രേഖകളില്‍ നിന്ന് നീക്കണമെന്നും പാര്‍ലമെന്ററികാര്യമന്ത്രി പ്രള്‍ഹാദ് ജോഷി ആവശ്യപ്പെട്ടു.
രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചക്കിടെ അദാനിയുടെ പേര് പരാമര്‍ശിക്കാതെയാണ് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആരോപണമുയര്‍ത്തിയത്. പ്രധാനമന്ത്രിയുടെ ഒരു സുഹൃത്തിന്റെ കഴിഞ്ഞ കാലങ്ങളിലെ സാമ്പത്തിക വളര്‍ച്ച ആരേയും അമ്പരിപ്പിക്കുന്നതാണെന്നും സുഹൃത്തിന്റെ വളര്‍ച്ചക്ക് പിന്നില്‍ ആരാണെന്ന് പറയേണ്ടതില്ലല്ലോയെന്നും ഖര്‍ഗെ ചോദിച്ചതോടെ സഭ ഇളകിമറിഞ്ഞു.