പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ എന്‍.ഐ.എയുടെ ഹര്‍ജി തള്ളി; അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ എന്‍.ഐ.എയുടെ ഹര്‍ജി തള്ളി; അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല

കോഴിക്കോട് : പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ എന്‍.ഐ.എക്ക് തിരിച്ചടി. ഒന്നാം പ്രതി അലൈന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കൊച്ചിയിലെ എന്‍.ഐ.എ കോടതി തള്ളി. ജാമ്യം റദ്ദാക്കാന്‍ മതിയായ കാരണങ്ങളില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി കോടതി തള്ളിയത്.

പാലയാട് ക്യാംപസില്‍ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അലനെതിരായ പന്നിയങ്കര പോലിസ് റിപ്പോര്‍ട്ടും അലൈന്‍ ഷുഹൈബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളുമാണ് ജാമ്യം റദ്ദാക്കണമെന്നതിന് തെളിവായി എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഇതില്‍ വിശദമായ വാദം കേട്ട കോടതി ഇക്കാര്യങ്ങള്‍ ജാമ്യം റദ്ദാക്കാന്‍ കഴിയുന്ന തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.
ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ച ചില പോസ്റ്റുകള്‍ അലന്‍ എഴുതിയത് അല്ല. മറ്റാരുടെയോ പോസ്റ്റുകള്‍ റീഷെയര്‍ ചെയ്തതാണ്. എന്നാല്‍ ഈ പോസ്റ്റുകളിലെ ആശയം അനുചിതമാണ്. ഭാവിയില്‍ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യരുതെന്നും അലന് കോടതി നിര്‍ദ്ദേശം നല്‍കി. പാലയാട് ലീഗല്‍ സ്റ്റഡീസ് സെന്ററില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അലൈന്‍ ഷുഹൈബ് പ്രതിയായതിന് പിന്നാലെയാണ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എന്‍.ഐ.എ കോടതിയെ സമീപിച്ചത്.
അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥതകള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പന്നിയങ്കര പോലിസിനായിരുന്നു ചുമതല. ജാമ്യത്തിലിറങ്ങിയ ഘട്ടത്തില്‍ അലന് അനുകൂലമായ റിപ്പോര്‍ട്ടാണ് പോലിസ് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍, പാലയാട് സംഘര്‍ഷത്തിന് പിന്നാലെ അലന്‍ പ്രശ്‌നക്കാരനാണെന്ന രീതിയില്‍ രണ്ടാമത് റിപ്പോര്‍ട്ട് നല്‍കി. ഈ സാഹചര്യം കൂടി ഉത്തരവില്‍ കോടതി വിശദമാക്കി. 2019 ലാണ് മാവോയിസ്റ്റ് ആശയവുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ കൈവശംവച്ചതിന് അലന്‍ ഷുബൈഹിനെയും താഹ ഫസലിനെയും പോലിസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ രജിസ്റ്റര്‍ ചെയ്ത് കേസ് പിന്നീട് എന്‍.ഐ.എക്ക് കൈമാറി. കേസിന്റെ വിചാരണ നടപടികള്‍ അടുത്ത മാസം ഏഴാം തിയതി തുടങ്ങാനിരിക്കെയാണ് കോടതിയില്‍ എന്‍.ഐ.എക്ക് തിരിച്ചടിയായി ഹര്‍ജി തള്ളിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *