കോഴിക്കോട്: ഗവ. എന്‍ജിനീയറിങ് കോളേജിലെ രണ്ട് എം.ടെക് പ്രോഗ്രാമുകള്‍ക്കും ഒരു ബി.ടെക് പ്രോഗ്രാമിനും കൂടി നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ (എന്‍.ബി.എ) അംഗീകാരം ലഭിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. എ.ഐ.സി.ടി.ഇയുടെ നിര്‍ദേശത്തില്‍ മൂന്ന് ദിവസങ്ങളായി (ഡിസംബര്‍ 2, 3, 4 തിയതികളില്‍) നടത്തിയ പരിശോധനാ ഫലമായാണ് ഈ അംഗീകാരം ലഭ്യമായിരിക്കുന്നത്. ഇതോടെ കോളേജിലെ അഞ്ച് ബി.ടെക് പ്രോഗ്രാമുകള്‍ക്കും അക്രഡിറ്റേഷന്‍ ലഭ്യമായിട്ടുണ്ട്. രണ്ട് എം.ടെക് പ്രോഗ്രാമുകള്‍ക്കും ഈ പദവി ലഭ്യമായതോടെ നിലവില്‍ എന്‍.ഐ.ടി ഒഴികെ ഈ പദവി ലഭ്യമായ കേരളത്തിലെ രണ്ട് സര്‍ക്കാര്‍ കോളേജുകളില്‍ ഒന്നായി കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജ് മാറിയിരിക്കുകയാണ്.
രാജ്യത്തും അന്താരാഷ്ട്ര തലത്തിലും വിദ്യാര്‍ഥികളുടെ തൊഴില്‍ നൈപുണ്യം ഉറപ്പാക്കാനുള്ള സ്ഥാപനത്തിന്റെ പ്രതിജ്ഞാബദ്ധതയാണ് ഈ അംഗീകാരം സാക്ഷ്യപ്പെടുത്തുന്നത്. വിദേശ രാജ്യങ്ങളില്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ അക്രഡിറ്റേഷന്‍ അനിവാര്യമാണ്. വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠന മേഖലയില്‍ മികച്ച അവസരത്തിനും ഗവേഷണ പിന്തുണകള്‍ക്കും കോളേജിന്റെ വികസനത്തിനും ഈ അംഗീകാരം പ്രയോജനമാകും. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, അപ്ലൈഡ് ഇലക്ട്രോണിക് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, കെമിക്കല്‍, സിവില്‍ എന്നീ അഞ്ച് ബി.കെ് പഠന ശാഖകള്‍ക്കും കംപ്യൂട്ടര്‍ എയിഡഡ് പ്രോസസ് ഡിസൈന്‍ (കെമിക്കല്‍ എന്‍ജിനീയറിങ്), എനര്‍ജി സിസ്റ്റം അനാലിസിസ് ആന്റ് ഡിസൈന്‍ (കെമിക്കല്‍ എന്‍ജിനീയറിങ്) എന്നീ എം.ടെക് ശാഖകള്‍ക്ക് കോളേജില്‍ അക്രഡിറ്റേഷന്‍ ലഭ്യമാണ്.