ചാലക്കര പുരുഷു
മാഹി: കോട്ടും കാല്‍സോമും ധരിച്ച് വിരിമാറ് നിറയെ ഫ്രഞ്ച് മെഡലുകളുമണിഞ്ഞ്, ടാഗോര്‍ പാര്‍ക്കിലെ ഫ്രഞ്ച് വിപ്ലവ സ്മാരകമായ ‘മറിയന്ന് ‘ പ്രതിമക്ക് മുന്നില്‍ ഫ്രഞ്ച് പതാകയുയര്‍ത്താനും ഫ്രഞ്ച് ദേശീയഗാനമായ മര്‍സയിയേര്‍സ് പാടാനും ഇനി മൊസ്യെ തെക്കയില്‍ ഇല്ല. എല്ലാ വര്‍ഷവും ആര്‍മി സ്റ്റീസ് ഡേയായ നവംബര്‍ 11നും, ഫ്രഞ്ച് റിപ്പബ്ലിക് ദിനമായ ജൂലൈ 14നും മൊസ്യെ തെക്കയില്‍ മയ്യഴിക്കാര്‍ക്ക് ആകര്‍ഷണ കേന്ദ്രമായിരുന്നു. ഫ്രഞ്ചു പൗരന്മാരുടെ തല മുതിര്‍ന്നയാളും, ഫ്രഞ്ച് സര്‍ക്കാര്‍ പരമോന്നത ബഹുമതികള്‍ നല്‍കി ആദരിക്കുകയും ചെയ്ത പൗരപ്രധാനി കൂടിയായ തെക്കെയില്‍ മണപ്പാട്ടി വാസുദേവന്റെ ജീവിതകഥ ആരേയും വിസ്മയിപ്പിക്കുന്നതാണ്. ഫ്രഞ്ച് ഭരണത്തിന്റെ അവസാന നാളുകളില്‍ ഫ്രാന്‍സിലേക്ക് കപ്പല്‍ കയറിയ ഫ്രഞ്ച് പോലിസുദ്യോഗസ്ഥന്റെ മകനായ വാസുദേവന്‍ അവിടെ ഫ്രഞ്ച് മിലിട്ടറിയില്‍ ചേരുകയായിരുന്നു. ഇന്‍ഡോ -ചീന, അള്‍ജീരിയ, ടുനീഷ്യ യുദ്ധങ്ങളുടെ മുന്നണിയില്‍ സേവനമനുഷ്ഠിച്ച വാസുദേവന് അള്‍ജീരിയന്‍ യുദ്ധത്തില്‍ വെടിയേല്‍ക്കുകയും ഏറെക്കാലത്തെ ചികിത്സക്കൊടുവില്‍ അത്ഭുതകരമായി ജീവന്‍ തിരിച്ചു കിട്ടുകയുകയുമായിരുന്നു.
പാരച്യൂട്ട് കമാന്‍ഡറായി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം 22 വര്‍ഷത്തെ സേവനത്തിനൊടുവില്‍ വിരമിക്കുമ്പോള്‍, ‘അജുദാന്‍ ഷേഫാ’യിരുന്നു. ഫ്രഞ്ച് പരമോന്നത ബഹുമതിയായ ബ്ലെസ്സെദ് ഗേര്‍, ഓറര്‍ ദ് മെരിറ്റ് നാച്ചറല്‍, മെദായി മിലിട്ടൈര്‍ അവാര്‍ഡുകള്‍ ഉള്‍പ്പടെ 17 ബഹുമതികള്‍ നേടിയിരുന്നു. ഫ്രാന്‍സില്‍ നിന്ന് വിട പറയുമ്പോള്‍ അദ്ദേഹം താമസിച്ചിരുന്ന നൊര്‍മന്ത്രി ഗ്രാമത്തിന്റെ താക്കോല്‍ പ്രതീകാത്മകമായി കൈമാറിയാണ് ഫ്രഞ്ച് സര്‍ക്കാര്‍ അദ്ദേഹത്തെ യാത്രയാക്കിയത്.
മയ്യഴിയിലെത്തിയ അദ്ദേഹം ഫ്രഞ്ച് പൗരന്‍മാരുടെ സംഘടനാ കാര്യാലയമായ യൂന്യോം ദ് ഫ്രാന്‍സേസ് കെട്ടിപ്പടുക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ഉപസാരഥിയായി മാറുകയും ചെയ്തു. നാട്ടിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും കൈയ്യയച്ച് സഹായിക്കുകയെന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. തെക്കെയില്‍ മണപ്പാട്ടി എന്ന പള്ളുരിലെ പ്രമുഖ തറവാട്ടിലെ കാരണവര്‍ വിട പറയുമ്പോള്‍, ഇന്‍ഡോ- ഫ്രഞ്ച് ചരിത്ര പുസ്തകത്തിന്റെ എഴുതപ്പെടാത്ത താളുകള്‍ കൂടിയാണ് അടയുന്നത്.