കോഴിക്കോട്: പുസ്തക ചര്‍ച്ചകളുടെ തീകാഞ്ഞിരുന്ന ബുക്ക്ലബ് മുറി ഇനി അന്യം. മൗലികത പേറുന്ന മലയാളത്തിലെ ഏറ്റവും പുതിയ പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി പടികള്‍ കയറി ഇനി ആരും മുകളിലേക്ക് വരേണ്ടതില്ല. സി.എച്ച് മേല്‍പ്പാലത്തിന് കീഴെ നിരവധി കടകള്‍ക്കൊപ്പം ഓര്‍മ്മയാകുന്നത് മലയാള സാഹിത്യ വിഹായത്തിലേക്ക് പറന്നുയര്‍ന്ന നിരവധി പ്രതിഭകളെ ഊതിക്കാച്ചിയെടുത്ത ഈറ്റില്ലമാണ്. സുകുമാര്‍ അഴീക്കോട് ഉള്‍പ്പെടെയുള്ള എത്രയോ മഹാരഥന്മാര്‍ ഇതേ മുറിയില്‍ നിന്നും ഇഴകീറി നൂറ്റെടുത്ത പ്രതിഭകള്‍ സാഹിത്യലോകത്തെ മഹാമേരുക്കളായി വളര്‍ന്നത് ചരിത്രം. എസ്.കെയും ബഷീറും മുതല്‍ അശോകന്‍ മറയൂര്‍ വരെ ഈ മുറിയിലെ സഹൃദയര്‍ക്കു മുന്‍പില്‍ തങ്ങളെ തന്നെ തുറന്നു വച്ചു. പഴമ പേറുന്ന ചായക്കടയ്ക്കും സര്‍ബത്ത് കടയ്ക്കും വേണ്ടി വരെ മുറവിളി കൂട്ടാന്‍ മാധ്യമങ്ങളും സംഘടനകളും തിരക്ക് കൂട്ടുന്ന ഈ നഗരത്തില്‍ താഴിടുമ്പോള്‍ ഷട്ടറില്‍ നിന്നുപോലും പോലും ഒരു പ്രതിഷേധ ശബ്ദമുയരാതെ കാലിക്കറ്റ് ബുക്ക് ക്ലബ് ഓര്‍മ്മയിലേക്ക് പിന്‍വാങ്ങി. കോര്‍പ്പറേഷന്റെ നവീകരണ കോലാഹലങ്ങളില്‍ ലാവണം നഷ്ടപ്പെട്ടെങ്കിലും വായനയും ചര്‍ച്ചകളും അവസാനിക്കുന്നില്ല. ഈ മാസം മുതല്‍ പുസ്തക ചര്‍ച്ചകള്‍ ത്രിവേണി ബില്‍ഡിങ്ങില്‍ തുടരും.