തൃശൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ അംഗങ്ങളുടെ ഉന്നമനത്തിനായി 2013ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച 14 ആവശ്യങ്ങളങ്ങിയ അവകാശപത്രിക ഉടന്‍ നടപ്പിലാക്കണമെന്ന് ഫോര്മര് പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷന് തൃശൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പേള്‍ റീജന്‍സിയില്‍ നടന്ന ഉന്നതതല യോഗത്തില്‍ വച്ച് പെന്ഷന് പദ്ധതി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താത്തതിനെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തി. തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഫോര്മര് പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.എസ് ജയ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍, അസോസിയേഷന് ജില്ലാ ഭാരവാഹികളായ സി.എന്‍ ഗോവിന്ദന്‍കുട്ടി, സി.വി കുരിയാക്കോസ്, വി.ടി ആന്റണി, വികാസ് ചക്രപാണി, ഷൈനി കൊച്ചുദേവസ്സി, തോളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെരഘുനാഥന്, ബ്ലോക്ക് ഭാരവാഹികളായ വി.കെ സുലൈമാന്‍, സി.പി ജോസ്, സി. സേതുമാധവന്, കെ.എസ് കൃഷ്ണന്, സി.ആര് ഷൈലജ എന്നിവര്‍ പ്രസംഗിച്ചു. പുതുതായി അധികാരമേറ്റ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനേയും തോളൂര്‍ പഞ്ചായത്ത് പ്രസിഡന്റിനേയും ഫോര്മര് പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷന് ആദരിച്ചു.