മാഹി: പാര്‍ക്കിനകത്ത് വച്ച് ഏഴ് പേരെ കടിച്ച തെരുവ് നായയെ ഭയന്ന് ദേശീയ ടൂറിസം മാപ്പില്‍ ഇടം നേടിയ പുഴയോര നടപ്പാതയിലേക്കും ഹില്‍ ടോപ്പിലേക്കും ടാഗോര്‍ ഉദ്യാനത്തിലേക്കുമുള്ള മൂന്ന് പ്രവേശന കവാടങ്ങളും അധികൃതര്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അടച്ച് പൂട്ടിയിരിക്കുകയാണ്. വിദൂരങ്ങളില്‍ നിന്നടക്കം നിത്യേന നൂറ് കണക്കിനാളുകള്‍ വന്നെത്തുന്ന ടൂറിസം കേന്ദ്രമാണിത്. അക്രമിയായ നായ അവശ നിലയില്‍ പാര്‍ക്കിനകത്തുണ്ട്. പുറത്ത് പോലിസിന്റെ കാവലുണ്ട്. സന്ദര്‍ശകര്‍ക്ക് പൂര്‍ണമായും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. മയ്യഴി ഭരണ സിരാ കേന്ദ്രമായ ഗവ.ഹൗസിനോട് ചേര്‍ന്നാണ് ഈ ടൂറിസം കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. നൂറ് കണക്കിന് തെരുവ് നായ്ക്കളാണ് മയ്യഴിയിലെങ്ങും ബാറുകള്‍ക്കും, ഇറച്ചിക്കടകള്‍ക്കും, ഹോട്ടലുകള്‍ക്കുമെല്ലാം പരിസരങ്ങളിലായി അലഞ്ഞ് നടക്കുന്നത്. നായയുടെ കടിയേല്‍ക്കുന്നത് പതിവ് സംഭവമായിത്തീര്‍ന്നിട്ടുണ്ട്. അധികൃതരുടെ നിസ്സംഗത്തില് പ്രതിഷേധിച്ച് ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തില്‍ വരി 9ന് ഒമ്പതിന് രാവിലെ 10 മണി മുതല്‍ സ്റ്റാച്യു സ്ക്വയറില്‍ ഏകദിന നിരാഹാര സമരം നടത്തുമെന്ന് ജനശബ്ദം ഭാരവാഹികള്‍ അറിയിച്ചു. പ്രശ്ന പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരമാരംഭിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി