കോഴിക്കോട് : രാജ്യത്തെ കർഷകന്, സ്വന്തംവിളകൾ ഇടത്തട്ടുകാരന്റെ സഹായമില്ലാതെ നല്ല വിലക്ക് വിൽക്കാൻ സാധിക്കുന്നതാണ് കേന്ദ്രസർക്കാറിന്റെ കാർഷിക ബില്ലെന്ന് ഭാരതീയ ജനത കർഷക മോർച്ച ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എപിഎംസി ആക്ട് പ്രകാരം കർഷകന് വിളകൾ നിശ്ചിത മാർക്കറ്റുകളിൽ വിൽക്കാൻ മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. ആക്ട്‌ഭേദഗതി ചെയ്യുന്നതിലൂടെ കർഷകന് വിളകൾ ആർക്കും വിൽക്കാൻ സാധിക്കും. ഒരു ഉൽപ്പന്നത്തിന്റെ മുകളിൽ 12% വില കമ്മീഷനാണ് തുടക്കത്തിൽ തന്നെ കർഷകന് മണ്ഡികളിലെ സിസ്റ്റത്തിലൂടെ നഷ്ടമാവുന്നത്. ജോയന്റ് പാർലമെന്റ് സ്റ്റാന്റിംഗ് കമ്മറ്റി ഫോർ അഗ്രികൾച്ചറിന്റെ റിപ്പോർട്ടിൽ മണ്ഡി സമ്പ്രദായം അഴിമതിയുടെ കൂത്തരങ്ങണെന്നും, ഇത് കർഷകനെ തകർക്കുന്നതാണെന്നുമാണ്. ഈ കമ്മറ്റിയിൽ കോൺഗ്രസും, അകാലിദളും ഉൾപ്പെട്ടിരുന്നു. ഇപ്പോൾ ബില്ലിനെ എതിർക്കുന്നത് ഇടനിലക്കാരെ സംരക്ഷിക്കാനാണെന്ന് സംസ്ഥാന സെക്രട്ടറി എം. ആഷിഷ് പറഞ്ഞു. കേരളത്തിലെ 30 ലക്ഷം വരുന്ന കർഷകർക്ക് ബില്ലിന്റെ പരിഭാക്ഷയെത്തിക്കും. ബില്ലിനെക്കുറിച്ച് വിശദീകരിക്കാൻ വിപുലമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും. നിയോജക മണ്ഡലങ്ങളിൽ ട്രാക്ടർ പൂജ നടത്തും. സംസ്ഥാന സെക്രട്ടറി കെ.കെ രജീഷ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.പി മുരളി ജില്ലാ ജനറൽ സെക്രട്ടറി വാസുദേവൻ നമ്പൂതിരി പങ്കെടുത്തു.