രാജ്യം മുഴുവന്‍ മതസൗഹാര്‍ദ്ദ രാഷ്ട്രീയ സമ്മേളനം: ആദ്യ സമ്മേളനം കണ്ണൂരില്‍

രാജ്യം മുഴുവന്‍ മതസൗഹാര്‍ദ്ദ രാഷ്ട്രീയ സമ്മേളനം: ആദ്യ സമ്മേളനം കണ്ണൂരില്‍

കണ്ണൂര്‍: ലോകമെമ്പാടുമുള്ള ഇന്ത്യാക്കാരുടെ കൂട്ടായ്മയായ ഗ്ലോബല്‍ ഇന്ത്യന്‍ അേസാസിയേഷന്റെ (ജി.ഐ.എ) നേതൃത്വത്തില്‍, ഇന്ത്യയിലെ 30 സംസ്ഥാനങ്ങളിലും കേരളത്തിലെ 14 ജില്ലകളിലും ‘മതസൗഹാര്‍ദ്ദ രാഷ്ട്രീയ സമ്മേളനങ്ങള്‍’ സംഘടിപ്പിക്കുന്നു. ആദ്യ സമ്മേളനം ഫെബ്രുവരി 11 ന് കണ്ണൂരില്‍ നടക്കും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ അന്താരാഷ്ട്ര പ്രസിഡന്റ് രാജീവ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. സി.പി.എം അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, ഹിന്ദു – മുസ്‌ലിം – ക്രൈസ്തവ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.

രാജ്യത്ത് ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന മതേതരത്വവും ജനാധിപത്യവും ശക്തിപ്പെടുത്തുന്നതിനായി, രാജ്യത്തെ മുഴുവന്‍ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ദേശീയ നേതാക്കള്‍ക്ക് സമര്‍പ്പിക്കുന്ന ‘പ്രമേയം’, സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ അവതരിപ്പിക്കും. വര്‍ഗ്ഗീയത ആളിക്കത്തിച്ച്, മതസ്പര്‍ദ്ദയും വിദ്വേഷപ്രചാരണങ്ങളും നടത്തി, മതവിശ്വാസങ്ങളെ ചൂഷണം ചെയ്ത് ഭരണം പിടിച്ചെടുത്തശേഷം അന്താരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ രാജ്യം അടിയറവയ്ക്കുന്ന ദുരവസ്ഥക്കെതിരേയാണ് ‘മതസൗഹാര്‍ദ്ദ രാഷ്ട്രീയ സമ്മേളനങ്ങള്‍’ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നത്.
രാജ്യമെമ്പാടും നടക്കുന്ന സമ്മേളനങ്ങളില്‍ പാസ്സാക്കുന്ന പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, ‘ഒരു മില്യണ്‍ ഒപ്പ് ശേഖരണം’ (One Million Signature Campaign) രാജ്യവ്യാപകമായി സംഘടിപ്പിക്കും. ഇതിന്റെ ദേശീയതല ഉത്ഘാടനവും കണ്ണൂരിലെ സമ്മേളനവേദിയില്‍ അരങ്ങേറും.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യമെമ്പാടും നടക്കുന്ന സമ്മേളനങ്ങള്‍, രാജ്യത്തെ മുഴുവന്‍ മതേതര – ജനാധിപത്യ പാര്‍ട്ടികളുടെയും സംഗമവേദിയായിരിക്കുമെന്ന് ജി.ഐ.എ പ്രസിഡന്റ് രാജീവ് ജോസഫ് വ്യക്തമാക്കി. ആയിരം ‘നാഷണല്‍ കോര്‍ഡിനേറ്റര്‍മാരുടെ’ നേതൃത്വത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലും സമ്മേളനങ്ങളള്‍ സംഘടിപ്പിക്കുന്നത്. സമ്മേളനങ്ങളുടെ ചിലവുകള്‍ വഹിക്കുന്ന, സാധാരണക്കാരായ 501 പേരടങ്ങുന്ന ‘സംഘാടക സമിതിയാണ്’, ദേശീയ തലത്തില്‍ സമ്മേളനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍, 9072795547 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.

Share

Leave a Reply

Your email address will not be published. Required fields are marked *