തിരുവനന്തപുരം: മൃഗങ്ങളുടെ ക്ഷേമം, സുരക്ഷിതത്വം, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ എന്നിവ ലക്ഷ്യം വെച്ച് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ജനുവരി 15 മുതല്‍ 31 വരെ സംഘടിപ്പിച്ചു വരുന്ന ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ സമാപന സമ്മേളനം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജനുവരി 31 ചൊവ്വാഴ്ച്ച വൈകീട്ട് 4 മണിക്ക് തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളില്‍ ( വി.ജെ.ടി ഹാള്‍ ) വെച്ച് നടക്കുന്ന പരിപാടിയില്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ഡോ. ശശി തരൂര്‍ എം.പി, മേയര്‍ ആര്യാ രാജേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന സമ്മേളനത്തോടനുബന്ധിച്ച് രാവിലെ പത്ത് മണി മുതല്‍ ‘ജന്തുക്ഷേമവും മൃഗസംരക്ഷണ വകുപ്പും ‘ എന്ന വിഷയത്തില്‍ സെമിനാറും നടക്കും.