കോഴിക്കോട്: ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, അണ്ടര്‍ ഗ്രാജ്യുവേറ്റ് വിദ്യാര്‍ഥികളിലെ നൂതനാശയക്കാര്‍ക്ക് അവ അവതരിപ്പിക്കാനും സാക്ഷാത്കരിക്കാനും അവസരമൊരുക്കി ‘ഐ-സ്റ്റെം 2023 ഐഡിയാത്തോണും ഇന്‍ഡക്ഷന്‍’ പരിപാടിയും. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ്, സ്‌പേസ് എന്നീ മേഖലകളില്‍ നൂതനാശയങ്ങള്‍ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചുള്ള പരിപാടിയിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യു.എല്‍ സ്‌പേസ് ക്ലബില്‍ അംഗമാകാം.
നവീനത, പ്രസക്തി, അവതരണമികവ്, ആഭിമുഖ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തെരഞ്ഞെടുപ്പ്. എട്ടു മുതല്‍ 12 വരെ ക്ലാസുകാര്‍ ജൂനിയര്‍, അതിനു മുകളില്‍ അണ്ടര്‍ ഗ്രാജ്യുവേറ്റ് വിദ്യാര്‍ഥികള്‍വരെ സീനിയര്‍ എന്നിങ്ങനെ രണ്ടു വിഭാഗത്തിലാണ് ഐഡിയാത്തോണ്‍. www.ulspaceclub.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഫെബ്രുവരി 14ാണ് അവസാനതീയതി. വിവരങ്ങള്‍ക്ക് [email protected] എന്ന വിലാസത്തില്‍ ഇ-മെയില്‍ അയയ്ക്കാം.
യുഎല്‍ സൈബര്‍പാര്‍ക്കിലാണ് ‘ഐ-സ്റ്റെം 2023 ഐഡിയാത്തോണും ഇന്‍ഡക്ഷന്‍’ പരിപാടിയും നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നൂതനാശയങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാടു വികസിപ്പിക്കാനുള്ള പരിശീലനം ഏപ്രിലില്‍ സംഘടിപ്പിക്കും. സ്വന്തം ആശയങ്ങള്‍ വികസിപ്പിക്കാന്‍ വിദഗ്ധരുമായി നേരിട്ട് ആശയവിനിമയത്തിനും സൗകര്യം ഒരുക്കും. മികച്ച എട്ട് ആശയങ്ങള്‍ ഫൈനലിലേക്കു തെരഞ്ഞെടുക്കുകയും വിജയികള്‍ക്കു സമ്മാനം നല്‍കുകയും ചെയ്യും.
സ്‌പേസ് ക്ലബ് അംഗം എന്ന നിലയില്‍ സ്‌പേസ് ക്യാമ്പുകള്‍, നക്ഷത്രനിരീക്ഷണം, ഐ.എസ്.ആര്‍.ഒ കേന്ദ്രങ്ങളിലും മറ്റു ഗവേഷണസ്ഥാപനങ്ങളിലും പഠനസന്ദര്‍ശനം, സെമിനാറുകളും വെബിനാറുകളും ഉള്‍പ്പെടെയുള്ള പരിപാടികള്‍ തുടങ്ങിയവയിലെല്ലാം പങ്കെടുക്കാനുള്ള അവസരവും ഇതുവഴി ലഭിക്കും. ഐ.എസ്.ആര്‍.ഒ മുന്‍ ഡയരക്റ്റര്‍ ഇ.കെ കുട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന യു.എല്‍ സ്‌പേസ് ക്ലബിന് ഐ.എസ്.ആര്‍.ഒ മുന്‍ ഡെപ്യൂട്ടി ഡയരക്ടര്‍ കെ. ജയറാം, ടി. ദാമോദരന്‍, സുരേന്ദ്രന്‍ പുന്നശ്ശേരി, ഡോ. സന്ദേശ് ഇപ, ഷജില്‍ യു.കെ, രാജ്യത്തെമ്പാടുമുള്ള മുന്‍നിര സ്ഥാപനങ്ങളിലെ വിദഗ്ധര്‍ തുടങ്ങിയവരുടെയെല്ലാം പിന്തുണയുണ്ട്.