അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം-കോണ്‍ഗ്രസ് തമ്മില്‍ സീറ്റുകളില്‍ ധാരണയായി. 43 സീറ്റില്‍ സി.പി.എം മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് 13 സീറ്റിലാണ് മത്സരിക്കുക. ആകെ 60 സീറ്റുകളിലേക്കാണ് മത്സരം. അവശേഷിക്കുന്ന നാല് സീറ്റുകളില്‍ ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ഇടതുപക്ഷം നിര്‍ത്തും. ബാക്കിയുള്ള മൂന്നിടത്ത് സി.പി.ഐ, ഫോര്‍വേഡ് ബ്ലോക്, ആര്‍.എസ്.പി എന്നീ പാര്‍ട്ടികള്‍ മത്സരിക്കും. അഗര്‍ത്തല സിറ്റിയിലെ സി.പി.എം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
ദീര്‍ഘകാലം സംസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്ന സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 24 പേര്‍ പുതുമുഖങ്ങളാണ്. അതേസമയം ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും പരസ്പര ധാരണയോടെ മത്സരിക്കുമ്പോള്‍ സംസ്ഥാനത്ത് തിപ്ര മോത പാര്‍ട്ടിയുമായി ഇവര്‍ യാതൊരു ധാരണയും പുലര്‍ത്തിയില്ല.
മണിക് സര്‍ക്കാര്‍ സ്ഥിരമായി മത്സരിച്ച് ജയിച്ചിരുന്ന ധാന്‍പൂര്‍ നിയമസഭാ സീറ്റില്‍ ഇത്തവണ സി.പി.എമ്മിന്റെ പുതുമുഖ സ്ഥാനാര്‍ത്ഥി കൗശിക് ചന്ദ മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഫെബ്രുവരി 16ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ എട്ട് സിറ്റിംഗ് എം.എല്‍.എമാരെ ഒഴിവാക്കിയതായി ഇടതുമുന്നണി സംസ്ഥാന കണ്‍വീനര്‍ നാരായണ്‍ കര്‍ പറഞ്ഞു.