ന്യൂഡല്‍ഹി: രാജ്യം ഇന്ന് 74ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമര്‍പ്പിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു കര്‍ത്തവ്യപഥിലെത്തി ദേശീയ പതാക ഉയര്‍ത്തും. ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍ സിസിയാണ് ഇത്തവണ മുഖ്യാതിഥി. ചടങ്ങില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ പങ്കെടുക്കും. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍ സിസിയാണ് ഈ വര്‍ഷത്തെ മുഖ്യാതിഥി. കര്‍ത്തവ്യ പഥിലും സമീപ പ്രദേശങ്ങളിലും സുരക്ഷ വിന്യാസം ശക്തമാക്കി. കര്‍ത്തവ്യപഥിന്റെയും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെയും നിര്‍മ്മാണത്തില്‍ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേര്‍ ഇത്തവണ പരേഡില്‍ അതിഥികളായെത്തും.
ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്താണ് റിപ്പബ്ലിക് പരേഡ് നയിക്കുക. 144 അംഗ ഈജിപ്ത് സൈനികസംഘവും പരേഡിന്റെ ഭാഗമാകും. കേരളം അടക്കം 14 സംസ്ഥാനങ്ങളുടെയും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളുടെയും ആറ് മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യങ്ങള്‍ ഇത്തവണയുണ്ട്.
സ്ത്രീശക്തീകരണമാണ് കേരളത്തിന്റെ നിശ്ചലദൃശ്യത്തിന്റെ വിഷയം. 479 കലാകാരന്മാരുടെ കലാവിരുന്നും പരേഡിന്റെ ഭാഗമാകും. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണത്തൊഴിലാളികള്‍, തെരുവുകച്ചവടക്കാര്‍ തുടങ്ങിയവര്‍ പ്രത്യേക ക്ഷണിതാക്കളായി മുന്‍നിരയിലുണ്ടാകും.
സംസ്ഥാനത്തും ഇന്ന് വിപുലമായ റിപ്പബ്ലിക് ദിനാഘോഷം. സംസ്ഥാനത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി പരേഡിനെ അഭിവാദ്യം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുക്കും. ഇതിന് മുന്നോടിയായി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഗവര്‍ണര്‍ പുഷ്പചക്രം അര്‍പ്പിക്കും. വിവിധ സേനാവിഭാഗങ്ങളുടെയും സ്റ്റുഡന്റ് പോലിസ് കേഡറ്റുകളുടെയും അഭിവാദ്യം സ്വീകരിക്കും. പരേഡിന് ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളിലെ കുട്ടികള്‍ ദേശഭക്തിഗാനം ആലപിക്കും. കൊല്ലത്ത് മന്ത്രി കെ.എന്‍.ബാലഗോപാലും കൊച്ചിയില്‍ പി.രാജീവും തൃശൂരില്‍ കെ.രാജനും പാലക്കാട്ട് മന്ത്രി എം.ബി.രാജേഷും കോഴിക്കോട്ട് എ.കെ.ശശീന്ദ്രനും കണ്ണൂരില്‍ കെ.രാധാകൃഷ്ണനും പതാക ഉയര്‍ത്തും.