യു.എ.ഇയില്‍ ഇനി അനിശ്ചിതകാല കരാര്‍ ഇല്ല; തൊഴില്‍ കരാറുകള്‍ക്ക് കാലപരിധി

യു.എ.ഇയില്‍ ഇനി അനിശ്ചിതകാല കരാര്‍ ഇല്ല; തൊഴില്‍ കരാറുകള്‍ക്ക് കാലപരിധി

അബുദാബി: യു.എ.ഇയില്‍ കാലപരിധി നിശ്ചയിച്ചുള്ള (ലിമിറ്റഡ് കോണ്‍ട്രാക്ട് ) തൊഴില്‍ കരാറിലേക്ക് മാറാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും. ഇതിനു മുന്‍പ് എല്ലാ കമ്പനികളും ലിമിറ്റഡ് കോണ്‍ട്രാക്ടിലേക്ക് മാറ്റണമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. പുതിയ തൊഴില്‍ നിയമം അനുസരിച്ച് അനിശ്ചിതകാല കരാര്‍ (അണ്‍ലിമിറ്റഡ് കോണ്‍ട്രാക്ട് ) ഇല്ലാതായ പശ്ചാത്തലത്തിലാണ് തീരുമാനം. നിയമലംഘകര്‍ക്ക് കനത്ത പിഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തൊഴില്‍ വിപണിയില്‍ സുതാര്യത ഉറപ്പാക്കുന്നതിനാണ് ഭേദഗതി. മാറ്റം ദൈനംദിന ജോലിയെ ബാധിക്കില്ലെങ്കിലും തൊഴിലാളികള്‍ക്കും തൊഴിലുടമക്കും ഗുണകരമാണെന്ന് സീനിയര്‍ ലീഗല്‍ കണ്‍സല്‍ട്ടന്റ് പറഞ്ഞു.

ജോലി തുടങ്ങുന്നതും അവസാനിക്കുന്നതും രേഖപ്പെടുത്തി തയാറാക്കുന്നതാണ് ലിമിറ്റഡ് കോണ്‍ട്രാക്റ്റ്. കാലാവധിക്കു മുന്‍പ് കരാര്‍ അവസാനിപ്പിക്കുകയാണെങ്കില്‍ ഒരു മാസത്തെ നോട്ടിസ് എതിര്‍കക്ഷിക്ക് നല്‍കണം. നിയമം ലംഘിക്കുന്ന വ്യക്തി എതിര്‍ കക്ഷിക്ക് നഷ്ടപരിഹാരവും നല്‍കണം. തൊഴിലാളിയാണ് നിയമം ലംഘിക്കുന്നതെങ്കില്‍ വീസയ്ക്കു ചെലവായ തുകയാണ് നല്‍കേണ്ടത്. അണ്‍ലിമിറ്റഡ് കരാറില്‍ തുടങ്ങുന്ന തീയതി മാത്രമേ കാണൂ. ഈ വിഭാഗത്തില്‍ മൂന്ന് വര്‍ഷത്തില്‍ താഴെയാണ് സേവനമെങ്കില്‍ വര്‍ഷത്തില്‍ ഏഴ് ദിവസവും 3-5 വര്‍ഷത്തിനിടയില്‍ 14 ദിവസവും അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ 21 ദിവസവും എന്ന ക്രമത്തിലാണ് സേവനാന്തര ആനുകൂല്യം നല്‍കുന്നത്.

ലിമിറ്റഡ് കോണ്‍ട്രാക്ടില്‍ അഞ്ച് വര്‍ഷത്തിനുതാഴെ ജോലി ചെയ്തയാള്‍ക്ക് വര്‍ഷത്തില്‍ 21 ദിവസത്തെ വേതനം കണക്കാക്കി സേവനാന്തര ആനുകൂല്യം ലഭിക്കും. അഞ്ച് വര്‍ഷത്തിനു മുകളിലാണെങ്കില്‍ വര്‍ഷത്തില്‍ 30 ദിവസം എന്ന തോതിലാണ് ആനുകൂല്യം. ഫുള്‍ടൈം, പാര്‍ട്ട് ടൈം, മണിക്കൂര്‍ അടിസ്ഥാനമാക്കി വരെ തൊഴില്‍ കരാര്‍ ഉണ്ടാക്കാം. കരാര്‍ കാലാവധിക്ക്‌ശേഷം തൊഴിലാളിക്ക് ആവശ്യമെങ്കില്‍ തുടരാം. ഇല്ലെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട വേതനവും സൗകര്യവുമുള്ള മറ്റൊരു ജോലി കണ്ടെത്താം. ഇതിനു നിലവിലെ സ്‌പോണ്‍സറുടെ അനുമതി ആവശ്യമില്ല. സാധാരണ തൊഴിലാളികള്‍ക്കു പുറമേ ഗോള്‍ഡന്‍ വീസ, ഗ്രീന്‍ റസിഡന്‍സി വീസ, റിമോട്ട് വര്‍ക്ക് വീസ, ഫ്രീലാന്‍സര്‍ വീസ തുടങ്ങി സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ഉള്ള വീസക്കാര്‍ക്ക് മറ്റു കമ്പനികളുമായി ഹ്രസ്വകാല തൊഴില്‍ കരാര്‍ ഉണ്ടാക്കി ജോലി ചെയ്യാം. ഇത്തരക്കാര്‍ക്കും വിദഗ്ധ ജോലിക്കാര്‍ക്കും മണിക്കൂര്‍ അടിസ്ഥാനത്തില്‍ ലേബര്‍ കോണ്‍ട്രാക്ട് രൂപപ്പെടുത്താമെന്നതാണ് തൊഴിലാളികളുടെ നേട്ടം.

ജോലിയില്‍ വേണ്ടത്ര നൈപുണ്യമില്ലാത്തവരെ ദീര്‍ഘകാലത്തേക്ക് എടുക്കുന്നതിനു പകരം ഹ്രസ്വകാല കരാറുണ്ടാക്കാം. ഈ കാലയളവില്‍ മികവു പുലര്‍ത്താത്ത ജോലിക്കാരന്റെ കരാര്‍ കാലാവധി പുതുക്കുന്നില്ലെന്ന് അറിയിച്ച് പുതിയ ആളെ എടുക്കാന്‍ അവസരം ലഭിക്കും. അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്, ദുബായ് ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ എന്നീ ഫ്രീസോണുകളില്‍ ഉള്ളവരും ഗാര്‍ഹിക തൊഴിലാളികളും ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *