നാദാപുരം: ഗ്രാമപഞ്ചായത്തില്‍ 2023- 24 വര്‍ഷത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് വേണ്ടി വനിതാ ഗ്രാമസഭാ സംഘടിപ്പിച്ചു. ഒറ്റപ്പെട്ടു താമസിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളും , ചെറുപ്രായത്തില്‍ വൈധവ്യം അനുഭവിക്കേണ്ടി വന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. സ്ത്രീ സുരക്ഷാ പദ്ധതികള്‍, സ്ത്രീകളില്‍ വിളര്‍ച്ച ഇല്ലാതാക്കാനുള്ള പദ്ധതികള്‍, സഞ്ചരിക്കുന്ന പുസ്തകശാല, വനിതാ സംരംഭക പദ്ധതികള്‍, വാര്‍ഡ് തലത്തില്‍ കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍, കുടുംബശ്രീ സ്ത്രീകള്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കൃത്യമായ വിപണി സൗകര്യം എന്നീ ആവശ്യങ്ങള്‍ വനിതാ ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്തു. വനിതാ ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ നാസര്‍ അധ്യക്ഷത വഹിച്ചു. വനിതാ ഘടക പദ്ധതിയില്‍ നടപ്പിലാക്കാന്‍ കഴിയുന്ന നൂതന പദ്ധതികളെ കുറിച്ച് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് സംസാരിച്ചു. പത്താം വാര്‍ഡ് മെമ്പര്‍ നിഷ മനോജ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.റീജ, വുമണ്‍ ഫെസിലിറ്റേറ്റര്‍ പ്രിന്‍സി ബാനു എന്നിവര്‍ സംസാരിച്ചു. വനിതാ ഘടക പദ്ധതിയില്‍ അടുത്ത വര്‍ഷത്തേക്ക് 23ലക്ഷം രൂപയാണ് ഗ്രാമ പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.