പി.ടി നിസാര്‍
കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കല്‍കോളേജില്‍ 1960ല്‍ പഠനമാരംഭിച്ച നാലാമത്തെ ബാച്ചിലെ ഡോക്ടര്‍മാരുടെ 62ാമത്തെ സംഗമം കല്‍പ്പറ്റയില്‍ 21, 22 തീയതികളില്‍ ആഘോഷപൂര്‍വം സംഘടിപ്പിച്ചു. ലിയോ ഹോസ്പിറ്റല്‍ മാനേജിങ് ഡയരക്ടര്‍ ഡോ.ടി.പി.വി സുരേന്ദ്രന്‍ ചടങ്ങിന് മുഖ്യകാര്‍മികത്വം നല്‍കി. കോഴിക്കോട് മെഡിക്കല്‍കോളേജ് ഇ.എന്‍.ടി വിഭാഗം മുന്‍ മേധാവി ഡോ.അശോക് കുമാര്‍, ഡോ.രാഘവന്‍ കൂത്തുപറമ്പ്, ഡോ.വിശ്വനാഥന്‍ പാലക്കാട്, ഡോ. ശ്രീധര വാരിയര്‍ പാലക്കാട്, ഡോ.എ.കെ ജോസ് ചാലക്കുടി, ഡോ.നൂറുദ്ദീന്‍ പാലക്കാട്, ഡോ. മജീദ് കൊടുങ്ങല്ലൂര്‍, ഡോ.ചെല്ലമ്മ എറണാകുളം, ഡോ.ശ്രീകുമാരി എറണാകുളം എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. നാലാം ബാച്ചില്‍ പഠിച്ചിരുന്ന 150 പേരില്‍ 66 പേര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു . ബാക്കിയുള്ള ഡോക്ടര്‍മാരില്‍ ഭൂരിഭാഗവും അവരുടെ കുടുംബാംഗങ്ങളുമായാണ് സംഗമത്തിനെത്തിയത്. ബാച്ചിലെ സതീര്‍ഥ്യനായിരുന്ന പത്മശ്രീ സി.കുഞ്ഞോളിനെ ആദരിച്ചു. കുഞ്ഞോള്‍ ആദ്യ രണ്ട് വര്‍ഷത്തിന് ശേഷം പഠനം ഉപേക്ഷിച്ച് സാമൂഹ്യ പരിഷ്‌കര്‍ത്താവെന്ന നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. മരണമടഞ്ഞ തങ്ങളുടെ സഹപാഠികളുടെ ഓര്‍മക്കായി ഡോ.രാഘവന്റെ നേതൃത്വത്തില്‍ ഒരുമണിക്കൂറോളം സ്മരണാഞ്ജലി അര്‍പ്പിച്ചു. മരണപ്പെട്ടവരുടെ ഫോട്ടോകള്‍വച്ച് അവരെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച ചടങ്ങ് അത്യന്തം വികാരഭരിതവും തങ്ങളുടെ സഹപാടികളെ കുറിച്ചോര്‍ത്തും കണ്ണീരണിഞ്ഞാണ് പൂര്‍ത്തിയായത്. ബാച്ചിലെ വിദ്യാര്‍ഥിയും കാന്‍ബറയിലെ പ്രശസ്ത തൊറാസിക് സര്‍ജനായ ഡോ. ജോണ്‍ തര്യനും ചടങ്ങിനായി എത്തിയിരുന്നു.
1960കളിലെ കോഴിക്കോട് മെഡിക്കല്‍കോളേജിലെ പഠനകാല ഓര്‍മകളും മെഡിക്കല്‍ കോളേജിലെ അന്നത്തെ ചികിത്സാ സൗകര്യങ്ങളും ഇപ്പോഴത്തെ മെഡിക്കല്‍ കോളേജിന്റെ വളര്‍ച്ചയും തങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങളും പങ്ക് വച്ച് സംഗമം അവിസ്മരണീയമാക്കി. എണ്‍പത് പിന്നിട്ടവരാണ് എല്ലാ ഡോക്ടര്‍മാരും. വയനാട്ടിലെ തണുത്ത കാലാവസ്ഥയെ ആസ്വദിച്ചും ബാണാസുര സാഗര്‍ അണക്കെട്ട് സന്ദര്‍ശിച്ചതും എല്ലാവര്‍ക്കും പുത്തനുണര്‍വ് നല്‍കി. പ്രായാധിക്യത്തിന്റെ വൈഷമ്യങ്ങള്‍ വകവയ്ക്കാതെ സംഗമത്തില്‍ എല്ലാംമറന്ന് 63 വര്‍ഷം മുമ്പുള്ള മെഡിക്കല്‍കോളേജിലെ നാലാംബാച്ചിലെ ചുറുചുറുക്കുള്ളവരായി എല്ലാവരും മാറി. അരനൂറ്റാണ്ടിലധികം കേരള ആരോഗ്യമണ്ഡലത്തിലും വിദേശരാജ്യങ്ങളിലും ആതുര ശുശ്രൂഷ നടത്തിയതിലുള്ള സംതൃപ്തി എല്ലാ ഡോക്ടര്‍മാരും പങ്കുവച്ചു. പാട്ട് പാടിയും അനുഭവകഥകള്‍ പറഞ്ഞും നൃത്തംവച്ചും ചടങ്ങ് കൊഴുത്തപ്പോള്‍ യൗവനത്തിന്റെ കുളിര്‍ക്കാറ്റ് സംഗമത്തെ തഴുകി കടന്നുപോയി, അടുത്തവര്‍ഷം കോഴിക്കോട് 63ാം വാര്‍ഷികത്തില്‍ സംഗമിക്കാമെന്ന തീരുമാനത്തോടെ ഈ സൂപ്പര്‍ സീനിയര്‍ ഭിഷഗ്വരന്‍മാര്‍ വീണ്ടും പൊതുജനാരോഗ്യത്തിന്റെ കാവല്‍ക്കാരായി കര്‍മപഥത്തില്‍ മുഴുകാന്‍ വയനാടന്‍ ചുരമിറങ്ങി. വീരപഴശ്ശിയുടേയും മാമലകളുടേയും കാര്‍ഷിക സംസ്‌കൃതിയുടേയും നാട് അവര്‍ക്ക് സ്നേഹവായ്പോടെ യാത്രാമൊഴി നല്‍കി.