തലശേരി: ധാര്‍മ്മികതയാണ് പരിഹാരം എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ തലശ്ശേരി ഏരിയ സമിതി സംഘടിപ്പിക്കുന്ന വൈജ്ഞാനിക സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.ഇന്നും,നാളെയും ദിവസങ്ങളില്‍ വൈകുന്നേരം 4:30 മുതല്‍ മേലെ ചമ്പാട് പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ നടക്കുന്ന സമ്മേളനത്തില്‍ കേരളത്തിലെ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതന്മാര്‍ വ്യത്യസ്ത വിഷയങ്ങള്‍ അവതരിപ്പിക്കും.
വൈജ്ഞാനിക സമ്മേളനം വിസ്ഡം സംസ്ഥാന സെക്രട്ടറിയും ജാമിഅഃ അല്‍ഹിന്ദ് അല്‍ ഇസ്‌ലാമിയ ഡയരക്ടറുമായ ഫൈസല്‍ മൗലവി പുതുപ്പറമ്പ് ഉദ്ഘാടനം ചെയ്യും. ആമുഖ പ്രഭാഷണം സി.പി.സലീം നിര്‍വഹിക്കും. അന്ധവിശ്വാസങ്ങള്‍ക്കും ആത്മീയ ചൂഷണങ്ങള്‍ക്കുമെതിരേ ഇസ്ലാമിക പ്രതിരോധം, സദാചാര ധാര്‍മിക മൂല്യങ്ങളുടെ പ്രചാരണം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.
അസ്വാഭാവിക പെരുമാറ്റത്തെ ദിവ്യത്വമായി വ്യാഖ്യാനിച്ച് ചൂഷണം ചെയ്യുന്നതിനെ സമ്മേളനം ശക്തമായി തുറന്ന് കാണിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിശ്വാസത്തിലൂടെ വിശുദ്ധിയിലേക്ക്, നല്ല കുടുംബം നല്ല സമൂഹം, കുറ്റകൃത്യങ്ങള്‍: കാരണങ്ങളും പരിഹാരങ്ങളും എന്നീ വിഷയങ്ങളില്‍ പ്രമുഖ പണ്ഡിതന്മാരായ മുജാഹിദ് ബാലുശ്ശേരി, മുനവ്വര്‍ സ്വലാഹി എന്നിവര്‍ പ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ അബൂബക്കര്‍ ഫാറൂഖി സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. നാല് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദേശ പ്രയാണം ഇന്ന് പാനൂരില്‍ സമാപിക്കും. തലശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍ എന്നീ മണ്ഡലങ്ങളിലെ വിവിധ ശാഖ കേന്ദ്രങ്ങളില്‍ അയല്‍ക്കൂട്ടങ്ങള്‍, പ്രചാരണ സംഗമങ്ങള്‍, പോസ്റ്റര്‍ പ്രചാരണം, ലഘുലേഖാ വിതരണം,ഗൃഹ സമ്പര്‍ക്കം, മണ്ഡലം കണ്‍വെന്‍ഷനുകള്‍, സോഷ്യല്‍ മീഡിയ പ്രചാരണം എന്നിവ സംഘടിപ്പിച്ചു. പത്ര സമ്മേളനത്തില്‍ ജില്ലാ യൂത്ത് പ്രസിഡന്റ് റാഷിദ് സ്വലാഹി, ഫൈസല്‍ ഹുസൈന്‍, ഒ.വി.സിദ്ധീഖ് കാസിം ചമ്പാട്, അസീസ് വടക്കുമ്പാട് പങ്കെടുത്തു.