കോഴിക്കോട്: കേരളത്തില്‍ പ്രത്യേകിച്ചും ഹ്രസ്വ -ദീര്‍ഘദൂര തീവണ്ടി യാത്രക്കാരുടെ ദുരിതം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ റെസിഡന്റ് അസോസിയേഷന്‍ മാതൃകയില്‍ സ്റ്റേഷന്‍തല സമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ നെല്ലായി റെയില്‍വേ സ്റ്റേഷന്‍ ഉപയോക്താക്കളുടെ സ്റ്റേഷന്‍തല രൂപീകരണയോഗം ചേര്‍ന്നു. നിര്‍ത്തലാക്കിയ പാസഞ്ചര്‍-മെമ്മു സ്റ്റോപ്പുകള്‍ നെല്ലായി റെയില്‍വേ സ്റ്റേഷനില്‍ പുനരാരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഹാള്‍ട്ട് സ്റ്റേഷനുകളിലും കുറ്റിപ്പുറം, താനൂര്‍ ഉള്‍പ്പെടെയുള്ള പല സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളില്‍ യാത്രക്കാര്‍ക്ക് പ്രാഥമിക സൗകര്യം പോലും റെയില്‍വേ ഏര്‍പ്പെടുത്തിയിട്ടില്ല. പ്ലാറ്റ്‌ഫോമുകളില്‍ ശുചീകരണ പ്രവര്‍ത്തനം യഥാസമയം നടത്തുന്നില്ല. ഈ സാഹചര്യത്തില്‍ സ്റ്റേഷന്‍തല സമിതികള്‍ രൂപീകരിച്ച് യാത്രക്കാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ നെല്ലായി ജംഗ്ഷനില്‍ വി.എം ബില്‍ഡിങ്ങില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സ്റ്റേഷന്‍ തല കമ്മിറ്റി രൂപീകരണ യോഗം സി.ആര്‍.യൂ.എ കേരള റീജിയന്‍ പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി ഉദ്ഘാടനം ചെയ്തു. നെല്ലായി റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി.രാമന്‍കുട്ടി അധ്യക്ഷത വഹിച്ചു. തീവണ്ടി യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ റസിഡന്‍സ് അസോസിയേഷന്‍ മാതൃകയില്‍ സ്റ്റേഷന്‍തല സമിതികള്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ഉദ്ഘാടകന്‍ യോഗത്തില്‍ വിശദീകരിച്ചു. നെല്ലായി റെയില്‍വേ സ്റ്റേഷന്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജിനീഷ് ജോണി കാളന്‍, ഗോപാലകൃഷ്ണന്‍.വി, വയലൂര്‍ നാരായണന്‍, കണ്ണന്‍ നെല്ലായി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.