തിരുവനന്തപുരം: യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ ഫിറോസിനെ പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ പോലിസ് അറസ്റ്റ് ചെയ്തത്.
വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരേ യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ ഇന്ന് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാളയത്ത് വച്ച് കന്‍ഡോണ്‍മെന്റ് പോലിസാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. പൊതു-സ്വകാര്യ മുതലുകള്‍ നശിപ്പിച്ചു, അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി, പൊലീസുകാരെ ആക്രമിച്ചു, ഗതാഗത തടസ്സമുണ്ടാക്കി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നിലവില്‍ സേവ് കേരള മാര്‍ച്ചുമായി ബന്ധപ്പെട്ട് 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്.