കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി. 2018ലാണ് അവസാനമായി വേതനം പരിഷ്‌കരിച്ചത്. പുനഃപരിശോധനയ്ക്കായി മൂന്ന് മാസത്തെ സമയമാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിനകത്ത് ആയുര്‍വേദമടക്കമുള്ള ചികിത്സാ ശാഖകളിലെ നഴ്‌സുമാരുടെ വേതനം പരിഷ്‌കരിച്ചില്ലെന്ന് യു.എന്‍.എ ചൂണ്ടിക്കാട്ടി.
തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് വേതനം പരിഷ്‌കരിച്ചതെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റും വാദിച്ചു. ഇതോടെയാണ് 2018 ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വേതനം പുനഃപ്പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ആശുപത്രി മാനേജ്‌മെന്റുകളുടെയും നഴ്‌സുമാരുടെയും ഭാഗം കൂടി കേട്ട ശേഷം തീരുമാനമെടുക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വേതന വര്‍ധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നേരത്തേ തന്നെ സമരത്തിലാണ്. പ്രതിദിന വേതനം 1500 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. പ്രതിദിന വേതനം 1500 രൂപയാക്കുകയെന്നതിന് പുറമെ, കോണ്‍ട്രാക്ട് നിയമനങ്ങള്‍ നിര്‍ത്തലാക്കുക, ഇടക്കാലാശ്വാസമായ 50 % ശമ്പള വര്‍ധനയെങ്കിലും ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷനുണ്ട്. വിഷയത്തില്‍ കൊച്ചിയില്‍ ലേബര്‍ കമ്മീഷണര്‍ നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്നായിരുന്നു തൃശ്ശൂരില്‍ സൂചനാ പണിമുടക്ക് നടത്തിയത്.