കോഴിക്കോട്: മുക്കം കെ.എം.സി.ടി ഹോസ്പിറ്റലില്‍ ഹൃദയ വൈകല്യം ബാധിച്ച 56 ദിവസം പ്രായവും 2.1 ഭാരവുമുള്ള കുഞ്ഞിന് പി.ഡി.എ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തികരിച്ചു. കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലെ മേധാവികളായ ഡോ.കെ.എം കുര്യാക്കോസ് , ഡോ.ബിജോയ് ജേക്കപ്പ് ,ഡോ.വിജീഷ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പേറ്റന്റ് ഡക്റ്റസ് ആര്‍ട്ടീരിയോസസ് (പി.ഡി.എ) എന്നറിയപ്പെടുന്ന ഹൃദയ വൈകല്യത്തോടെയാണ് കൊയിലാണ്ടി സ്വദേശികളുടെ കുട്ടി ജനിച്ചത്. ഈ അവസ്ഥ ഹൃദയവുമായി ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് പ്രധാന ധമനികള്‍ക്കിടയില്‍ അസാധാരണമായ പ്രവാഹത്തിന് കാരണമാകുന്നു, ഇത് ഹൃദയത്തെ സമ്മര്‍ദത്തിലാക്കുകയും ശ്വാസകോശത്തില്‍ സമ്മര്‍ദം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കുഞ്ഞിന് മുലപ്പാല്‍ കുടിക്കുമ്പോള്‍ ശ്വാസതടസ്സം അനുഭവപെടുകയും ചെയ്യും. മുലപ്പാല്‍ പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലും ജനിച്ച സമയത്ത് 3.1 കിലോഗ്രാം ഭാരമുണ്ടായിരുന്ന കുഞ്ഞിന് ഇപ്പോഴത്തെ ഭാരം 2.1 കിലോഗ്രാമിലേക്ക് താഴുകയും ഉണ്ടായി. ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിന്റെ മാതാവ് കുഞ്ഞിന് വന്ന മാറ്റങ്ങളും ഡോക്ടര്‍മാരുമായി പങ്കുവെച്ചു. കുഞ്ഞ് ശസ്ത്രക്രിയയെ അതിജീവിച്ച് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.