ന്യൂമാഹി: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്ഷികാഘോഷത്തോടനുബത്തിച്ച് ന്യൂമാഹി എം.എം എജുക്കേഷണല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ഭരണഘടനാ സാക്ഷരതായത്ന പരിപാടിയുടെ ഭാഗമായി ജനുവരി 28ന് പെയിന്റിങ് മത്സരവും ഫെബ്രുവരി 5ന് ക്വിസ് മത്സരവും നടത്തുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വിഭാവനം ചെയ്യുന്ന ഇന്ത്യ എന്ന വിഷയത്തെ ആസ്പദമാക്കി ജലഛായം, അക്രലിക് വിഭാഗങ്ങളിലായി മാഹി, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ യു.പി തലം മുതല്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പെയിന്റിങ് മത്സരം നടത്തുന്നത്. മത്സരത്തിന്റെ ഉദ്ഘാടനം 28ന് രാവിലെ 10 മണിക്ക് ന്യൂമാഹി എം.എം.യു.പി സ്കൂള്‍ ഹാളില്‍ മൗത്ത് പെയിന്റിങ് ആര്‍ട്ടിസ്റ്റ് കുഞ്ഞിമംഗലം ഗണേഷ് കുമാര്‍ നിര്‍വഹിക്കും. ഫെബ്രുവരി 5ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഭരണഘടനാ ക്വിസ്സ് മത്സരവും നടത്തുമെന്ന് എം.എം എജുക്കേഷണല്‍ സൊസൈറ്റി പ്രസിഡണ്ട് അഡ്വ.ടി. ആസഫലി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
അറിയാനുള്ള അവകാശ സമ്മേളനം, മാധ്യമ സമ്മേളനം, ഭാഷാ – മത ന്യൂനപക്ഷങ്ങളുടെ അവകാശ സമ്മേളനം, പൗരാവകാശ സമ്മേളനം, ഭരണഘടനാ സമ്മേളനം, ഭരണഘടനാ പാര്‍ലമെന്റ് തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഭരണഘടനാ സാഹിത്യം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യും. സമഗ്രമായ ഒരു ഗ്രന്ഥവും പ്രസിദ്ധീകരിക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ച ടി.കെ.അബ്ദുള്‍ റഹൂഫ്, അബു താഹിര്‍ കൊമ്മോത്ത്, ടി.കെ.വസിം, വി.പി.നൗഫല്‍, സലിം കുഞ്ഞിക്കണ്ടി എന്നിവര്‍ അറിയിച്ചു.