കൊച്ചി: ലഹരി മാഫിയകളെ സഹായിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിച്ച് മാതൃകപരമായി ശിക്ഷിക്കണമെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ലഹരി കച്ചവടവുമായി ബന്ധമുള്ള നേതാക്കളേയും പ്രവര്‍ത്തകരേയും പുറത്താക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാവണം. എക്സൈസ്, പോലിസ്, ജി.എസ്.ടി, ആരോഗ്യം, വനം വകുപ്പുകളെ സംയോജിപ്പിച്ച് ലഹരി കടത്തിനെതിരേ സമഗ്രമായ അന്വേഷണ സംവിധാനം രൂപീകരിക്കണമെന്നും, ചീഫ് സെക്രട്ടറിയും ജില്ലാ കലക്ടര്‍മാരും മേല്‍നോട്ടം വഹിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധി കാരണം പെന്‍ഷനുകളും ഗ്രാന്റുകളും മാസങ്ങളോളം കുടിശ്ശികയാവുന്നു. ഡീസല്‍ അടിക്കാന്‍ കാശില്ലാതെ പോലിസ് വാഹനങ്ങള്‍ പോലും കട്ടപ്പുറത്തു കിടക്കുന്നു. എന്നാല്‍ പുതിയ മന്ത്രിമാരെ നിയമിച്ചും ക്യാബിനറ്റ് റാങ്കില്‍ പദവികളും സൃഷ്ടിച്ചും അവര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കിയും കോടികള്‍ തുലയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവള പത്രം പുറപ്പെടുവിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെഅധ്യക്ഷതയില് ചേര്‍ന്ന യോഗം ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ ഉള് അമീന് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് അഡ്വ.തമ്പാന് തോമസ്, തെലുങ്കനാ സംസ്ഥാന പ്രസിഡന്റ് ശ്രീമതി സുഭദ്ര റെഡ്ഢി, എസ്.രാജശേഖരന്, ടോമി മാത്യു, മനോജ് ടി.സാരംഗ്, സി.പി ജോണ്‍, അഡ്വ. ജിജ ജെയിംസ് മാത്യു, കെ.ശശികുമാര്‍, എം.ഐ അലി, കെ.കൃഷ്ണന്, എ.ഒ കുരുവിള തുടങ്ങിയവര്‍ പ്രസംഗിച്ചു.