കോഴിക്കോട്: കേരള കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 26ന് റിപ്പബ്ലിക് ദിനത്തില്‍ 50000 പേരെ പങ്കെടുപ്പിച്ച് കുറ്റ്യാടി കനാല്‍ ശുചീകരിക്കുമെന്ന് കേരള കര്‍ഷകസംഘം ജില്ലാ സെക്രട്ടറി ജോര്‍ജ് എം.തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി.ഐ.ടി.യു കര്‍ഷക തൊഴിലാളി യൂണിയന്‍, ഡി.വൈ.എഫ്.ഐ ജനാധിപത്യ മഹിളാ അസോസിയേഷന്‍, എന്‍.ജി.ഒ യൂണിയന്‍ തുടങ്ങിയ വര്‍ഗ ബഹുജന സംഘടനകളും പരിപാടിയില്‍ ഭാഗഭാക്കാവും. കേരളം കണ്ട ഏറ്റവും വലിയ ജനകീയ ക്യാമ്പയിനാണിത്. 75 കിലോമീറ്റര്‍ ദൂരമുള്ള രണ്ട് മെയിന്‍ കനാലുകളും 300ലധികം കിലോമീറ്റര്‍ ദൂരത്തിലുള്ള ഉപകനാലുകളും ചേര്‍ന്ന് 36000 ഏക്കര്‍ സ്ഥലത്ത് ജലസേചനം ലഭ്യമാക്കേണ്ട പദ്ധതി പൂര്‍ണതോതില്‍ ജലസേചനത്തിന് ഉപകരിക്കാത്തതിന് കാരണം കനാലുകളിലുള്ള തടസങ്ങളാണ്.
ഈ ക്യാമ്പയിനോടെ കനാല്‍ ശുചീകരിക്കപ്പെടുമ്പോള്‍ ഫെബ്രുവരി 15 ഓടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കനാലിന്റെ ഉപയോഗം ലഭ്യമാകും. നെല്‍കൃഷി വന്‍തോതില്‍ വ്യാപിപ്പിക്കാനും പച്ചക്കറി കൃഷി, വാഴ കൃഷി എന്നിവയുടെ വര്‍ധനവിനും ഇത് വഴിയൊരുക്കും. കുറ്റ്യാടി ജലസേചന പദ്ധതിയുടെ യഥാര്‍ഥ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കണമെങ്കില്‍ 180 കോടിയുടെ പദ്ധതി വേണമെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിലുള്ളത്. നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി മൂലം 10 കോടി രൂപമാത്രമാണ് വകയിരുത്തിയത്. ഈ തുകവര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശുചീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം ഇറിഗേഷന്‍ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ 26ന് രാവിലെ എട്ട് മണിക്ക് കായണ്ണയില്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.വിശ്വന്‍ എക്‌സ് എം.എല്‍.എ, എം.മെഹബൂബ്, കെ.ചന്ദ്രന്‍ മാസ്റ്റര്‍, കെ.കെ ദിനേശന്‍, പി.സി ഷൈജു, കെ.കെ പുഷ്പജ, കെ. ഷിജുമാസ്റ്റര്‍, പ്രേംകുമാര്‍, ഇ.എസ് ജെയിംസ് എന്നിവരും പങ്കെടുത്തു.