കോഴിക്കോട്: പരിസ്ഥിതി സൗഹാര്‍ദ കാഴ്ചപ്പാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ദിശാബോധം നല്‍കുന്ന വിധം സ്‌കൂളുകളെ പരിവര്‍ത്തനപ്പെടുത്താനാവണമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വിദ്യാലയങ്ങളുടെ കെട്ടിട രൂപകല്‍പ്പന മുതല്‍ പാഴ് വസ്തുക്കളുടെ വിനിയോഗം വരെ പരിസ്ഥിതി സൗഹൃദ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പുനര്‍ചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട്. 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ പരിസ്ഥിതി സൗഹൃദ വിദ്യാലയത്തിനുള്ള അവാര്‍ഡ് നേടിയ സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയെ അഭിനന്ദിക്കുവാന്‍ ചേര്‍ന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാംഗ്ലൂരില്‍ വച്ച് നടന്ന പരിക്രമ ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളെയും വിവിധ കലാ കായിക മത്സരങ്ങളില്‍ വിജയിച്ച പ്രതിഭകള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി ജീവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുമാരി രേഖ, ഹയര്‍ സെക്കന്‍ഡറി ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ. അനില്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ.പി ധനേഷ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എം.ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പാള്‍ എന്‍. സജിത സ്വാഗതവും ഹെഡ്മാസ്റ്റര്‍ ഹരിരാജ പി.സി നന്ദിയും രേഖപ്പെടുത്തി.