ഇതരസംസ്ഥാന ലോബിയില്‍ നിന്ന് ഫര്‍ണിച്ചര്‍ മേഖലയെ സംരക്ഷിക്കണം: ഫ്യൂമ

ഇതരസംസ്ഥാന ലോബിയില്‍ നിന്ന് ഫര്‍ണിച്ചര്‍ മേഖലയെ സംരക്ഷിക്കണം: ഫ്യൂമ

കോഴിക്കോട്: ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന രീതിയിലാണ് തെരുവോരങ്ങളില്‍ പ്ലാസ്റ്റിക് കസേരകളുടേയും മറ്റും വില്‍പന നടക്കുന്നതെന്ന് ഫര്‍ണ്ണീച്ചര്‍ മാനുഫാക്ച്ചറേഴ്‌സ് ആന്റ് മെര്‍ച്ചന്റ് അസോസിയേഷന്‍ (ഫ്യൂമ) സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടില്‍ പറഞ്ഞു. ഫ്യൂമ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാനത്തെ വന്‍ കച്ചവട സംഘങ്ങളുടെ ലോബി യാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളില്‍ മരത്തില്‍ നിര്‍മിച്ച ഫര്‍ണിച്ചറുകളും വിലകൂടിയ സോഫകളും അടക്കം പാതയോരങ്ങളില്‍ വില്‍ക്കുന്ന ഈ സംഘം കേരളത്തിലെ ഹൈവേ റോഡുകളിലും കച്ചവടം തുടങ്ങിക്കഴിഞ്ഞു.

ലക്ഷക്കണക്കിന് രൂപയുടെ ടാക്‌സ് നഷ്ടവും നിരവധി പേരുടെ തൊഴിലിനും ഭീഷണിയായ ഈ നടപടികള്‍ വ്യവസായ, ധനമന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താജ് ഹോട്ടലില്‍വച്ച് നടന്ന ചടങ്ങില്‍ ചന്ദ്രിക ബാബുരാജ് അധ്യക്ഷത വഹിച്ചു. ഫര്‍ണിച്ചര്‍ നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്‍.ഒ. സി വേണമെന്ന് നിബന്ധന എത്രയും പെട്ടെന്ന് എടുത്തുമാറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു. ഐ.ടി.ഐ പോളിടെക്‌നിക് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ഫര്‍ണിച്ചര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ കഴിഞ്ഞു വരുന്നവര്‍ക്ക് പ്ലെയ്‌സ്‌മെന്റ് നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ഷാജി മന്‍ഹര്‍ അറിയിച്ചു. ബൈജു രാജേന്ദ്രന്‍ , അഹമ്മദ് പേങ്കാടന്‍, ഷാജഹാന്‍ കല്ലുപറമ്പില്‍ , വേണു സുമുഖന്‍, കെ.പി രവീന്ദ്രന്‍, എം.എം ജിസ്തി, എം.എം മുസ്തഫ , റാഫി പുത്തൂര്‍ , ഷാഫി നാലപ്പാട് , പ്രസീദ് ഗുഡ്‌വെ , ഷക്കീര്‍ ഇന്റക്‌സ് എന്നിവര്‍ സംസാരിച്ചു .

 

Share

Leave a Reply

Your email address will not be published. Required fields are marked *