കോഴിക്കോട്: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ (ഡയറ്റ്) നേതൃത്വത്തില്‍ കാലാവസ്ഥ വ്യതിയാനം പ്രമേയമാക്കി മര്‍കസ് ഇംഗ്ലീഷ് മീഡിയം അഡല്‍ ടിങ്കറിംഗ് ലാബില്‍ നടന്ന ദ്വിദിന ദേശീയ ശില്‍പശാല വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. കേരളത്തിന്റെ കാലാവസ്ഥാ മാറ്റങ്ങള്‍ കാലവസ്ഥാ നിര്‍ണയം, പ്രവചനം, ദുരന്തസാധ്യതകള്‍, നൂതന സങ്കേതങ്ങള്‍ സംബന്ധിച്ച വിവിധ അവതരണങ്ങളും അനുഭവങ്ങളും ഒരുക്കിയുള്ള ശില്‍പശാല ശ്രദ്ധേയമായി. ജില്ലാഭരണ കൂടത്തിന്റെ കീഴിലുള്ള എഡ്യൂമിഷന്‍ പദ്ധതിയുമായി സഹകരിച്ചാണ് ശില്‍പശാല സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ സ്ഥാപിച്ച കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ഇന്‍സ്റ്റലേഷനുകളും സന്ദേശങ്ങളും വ്യത്യസ്തമായി.
ഐ.എസ്.ആര്‍.ഒ മുന്‍ ഡയരക്ടര്‍ ഇ.കെ കുട്ടി ശില്‍പശാല ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ യു.കെ അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. കാലാവസ്ഥയുമായി ബന്ധപ്പെട്ട റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങളെ കുറിച്ചും ഐ.എസ്.ആര്‍.ഒയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ മേഖലയിലുള്ള നേട്ടങ്ങളെക്കുറിച്ചും കെ. ജയറാം (ഡെപ്യൂട്ടി ഡയറക്ടര്‍ ഐ.എസ്ആര്‍.ഒ). മുഖ്യ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു.
വിവിധ സെഷനുകള്‍ അവതരിപ്പിച്ചുകൊണ്ട് ഡോക്ടര്‍. അഭിലാഷ് അസിസ്റ്റന്റ് പ്രൊഫസര്‍ കുസാറ്റ്, പ്രൊഫ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, സി.പി ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷാഫി സ്വാഗതവും മുഹമ്മദ് രിഫായി വൈസ് പ്രിന്‍സിപ്പല്‍ നന്ദിയും പ്രകാശിപ്പിച്ചു. മനോജ് കുമാര്‍, ബി.പി.സി കുന്ദമംഗലം, ശ്രീഷില്‍ യു.കെ, സഹീര്‍ അസ്ഹരി, ഡോ. വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. ശില്‍പശാലയുടെ ഭാഗമായി നടന്ന അനുഭവാധിഷ്ഠിത സെഷനുകള്‍ക്ക് മുഹമ്മദ് സിജഹ്, സെനിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
രണ്ടാം ദിവസം നടന്ന വിവിധ സെഷനുകള്‍ക്ക് ഡോ. എം.കെ. രവിവര്‍മ്മ, എന്‍. ഐ. ടി. കോഴിക്കോട്, ഡോ. വി. ശശികുമാര്‍ ഫ്രീസോഫ്റ്റ് വെയര്‍ ആക്ടീവിസ്റ്റ് – മുന്‍ഡയറക്ടര്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ്, എന്നിവര്‍ നേതൃത്വം നല്‍കും. ശില്‍പശാലയുടെ ഭാഗമായി കാലാവസ്ഥ കേന്ദ്രങ്ങള്‍ സ്ഥാപിച്ച വിദ്യാലയങ്ങളില്‍ കാലാവസ്ഥാ വിവരശേഖരണത്തിനും അപഗ്രഥനത്തിനുമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കും. എമില്‍, എ.ടി.എല്‍, എസ്. എസ്. കെ ഇന്നവേഷന്‍ ലാബുകള്‍ കേന്ദ്രീകരിച്ച് കാലവസ്ഥയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍, ആശയരൂപീകരണം, മാതൃകകളും പ്രോട്ടോടൈപ്പുകളുടെയും നിര്‍മ്മാണം എന്നീ മേഖലകളില്‍ കുട്ടികള്‍ക്ക് പരിശീലനങ്ങളും നല്‍കി.