അഞ്ചാംപനി പ്രതിരോധം; രോഗികള്‍ കൂടുതലുള്ള ചിയ്യൂരില്‍ ഗൃഹവലയം തീര്‍ത്തു

അഞ്ചാംപനി പ്രതിരോധം; രോഗികള്‍ കൂടുതലുള്ള ചിയ്യൂരില്‍ ഗൃഹവലയം തീര്‍ത്തു

നാദാപുരം: അഞ്ചാംപനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഏഴാം വാര്‍ഡിലെ ചിയ്യൂരില്‍ ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ , ഉദ്യോഗസ്ഥര്‍, ആശാ പ്രവര്‍ത്തകര്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍ , സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ഗൃഹ വലയം തീര്‍ത്തു. വാക്‌സിന്‍ തീരെ എടുക്കാത്ത വീടുകള്‍ക്ക് സമീപമാണ് ഗൃഹവലയം തീര്‍ത്തത്. ലോകത്ത് വസൂരി ,പോളിയോ എന്നിവയുടെ നിര്‍മാര്‍ജനത്തിനുശേഷം 1960ല്‍ ആരംഭിച്ച അഞ്ചാംപനിക്കെതിരേയുള്ള എം.ആര്‍ വാക്‌സിന്‍ രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ 95% കുട്ടികള്‍ക്ക് നല്‍കിയിട്ടുള്ളതാണെന്നും ഇത് യാതൊരു പാര്‍ശ്വഫലവും കുട്ടികള്‍ക്ക് ഉണ്ടാകുന്നിലെന്നും വാക്‌സിനിന്റെ സുരക്ഷിതത്വം പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഗൃഹ വലയത്തില്‍ പങ്കെടുത്തവര്‍ വാക്‌സിന്‍ എടുക്കാത്ത വീട്ടുക്കാരെ ബോധവല്‍ക്കരിച്ചു.

തുടര്‍ന്ന് ഏഴാം വാര്‍ഡിലെ മുഴുവന്‍ വാക്‌സിന്‍ എടുക്കാത്ത വീടുകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി. ഗൃഹ വലയത്തില്‍ പങ്കെടുത്തവര്‍ അഞ്ചാംപനി പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുന്നണി പോരാളികളായി പഞ്ചായത്ത് , ആരോഗ്യവകുപ്പ് എന്നിവരുടെ കൂടെ ഉണ്ടാകുമെന്ന് പ്രതിജ്ഞ എടുത്തു. ഗൃഹവലയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ നാസര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ ജമീല അഞ്ചാം പനിയുടെ ഗുരുതരാവസ്ഥയെ കുറിച്ച് ശാസ്ത്രീയമായ വിവരങ്ങളെക്കുറിച്ച് സംസാരിച്ചു.

പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി സുബൈര്‍ , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുരേന്ദ്രന്‍ കല്ലേരി , കെ.സതീഷ് ബാബു, മെമ്പര്‍മാരായ റീന , ആയിഷ ഗഫൂര്‍, സുനിത എടവത്ത്കണ്ടി എന്നിവര്‍ സംസാരിച്ചു. വിദേശത്തുള്ള രക്ഷിതാക്കള്‍ക്ക് ഓണ്‍ ലൈന്‍ ബോധവല്‍ക്കരണം തുടര്‍ ദിവസങ്ങളില്‍ നല്‍കും. അതേസമയം ഇന്ന് ഒരു കേസ് മാത്രമാണ് പഞ്ചായത്തില്‍ സ്ഥിരീകരിച്ചത്. വാര്‍ഡ് ഏഴിലാണ് പുതിയ കേസ്. ഇതുവരെ 33 പേര്‍ക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട്. 1, 10, 11, 13, 14, 17, 21 വാര്‍ഡുകളില്‍ ഓരോ കേസുകള്‍ വീതവും 2, 4, 19 വാര്‍ഡുകളില്‍ രണ്ട് കേസുകള്‍ വീതവും വാര്‍ഡ് ആറില്‍ ഒമ്പത് കേസുകളും വാര്‍ഡ് ഏഴില്‍ 11 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *