കോഴിക്കോട്: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന വായനോത്സവത്തിന്റേയും മുതിര്‍ന്നവര്‍ക്ക് വേണ്ടി നടത്തുന്ന വായനാ മത്സരത്തിന്റേയും സംസ്ഥാനതല മത്സരം 21, 22ന് സര്‍ഗാലയില്‍ നടക്കുമെന്ന് സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രനും എക്‌സിക്യൂട്ടീവംഗം കെ.ചന്ദ്രന്‍മാസ്റ്ററും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 14 ജില്ലകളില്‍നിന്നും സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 14 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും 16 വയസ് മുതല്‍ 25 വയസുവരെയുള്ള വിഭാഗത്തില്‍ നിന്നും 25 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 28പേരും ഉള്‍പ്പടെ 42 മത്സരാര്‍ഥികള്‍ മാറ്റുരക്കുന്ന വായനാമത്സരം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം ചെയര്‍മാനും എം.എല്‍.എയുമായ കാനത്തില്‍ ജമീല അധ്യക്ഷത വഹിക്കും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ.വി കുഞ്ഞികൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജോ.സെക്രട്ടറി മനയത്ത് ചന്ദ്രന്‍, വൈസ് പ്രസിഡന്റ് എ.പി ജയന്‍, പയ്യോളി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ഷെഫീക്ക് വടക്കയില്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേരും. ഉച്ചക്ക് ശേഷം ജി.എസ് പ്രദീപ് നയിക്കുന്ന മെഗാ ക്വിസ് നടക്കും. 22ന് രാവിലെ സാഹിത്യകാരന്മാരായ സുഭാഷ് ചന്ദ്രന്‍, പി.കെ ഗോപി, ബി.എം സുഹറ എന്നിവരുമായി മത്സരാര്‍ഥികളുടെ സര്‍ഗസംവാദം നടക്കും. എഴുത്തുപരീക്ഷ, അഭിമുഖ പരീക്ഷ എന്നിവ അനുബന്ധമായി നടക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം എഴുത്തുകാരന്‍ എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തും. മത്സരാര്‍ഥികള്‍ക്ക് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ മധു സമ്മാന വിതരണം നടത്തും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേരും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍.ഉദയന്‍, വൈസ് പ്രസിഡന്റ് എന്‍.ശങ്കരന്‍, ജോയിന്റ് സെക്രട്ടറി കെ.പി സഹീര്‍, കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.വി രാജന്‍ എന്നിവരും പങ്കെടുത്തു.