കോഴിക്കോട്: ജില്ലാ സഹകരണ ആശുപത്രിയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുജനാരോഗ്യ ഓഹരി പദ്ധതി നടപ്പിലാക്കുമെന്ന് ചെയര്മാന് പ്രൊഫ.പി.ടി അബ്ദുല്‍ ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുറഞ്ഞ വരുമാനക്കാര്‍ക്ക് ചികിത്സാ സൗകര്യങ്ങളില്‍ ഇളവ് നല്‍കുന്നതാണ് പദ്ധതി. 10000 രൂപയുടെ ഓഹരി എടുക്കുന്നവര്‍ക്ക് ജനറല്‍ ഒ.പി വിഭാഗത്തില്‍ ഫീ ഇല്ലാത്ത കണ്സള്ട്ടേഷന്, സ്പെഷ്യാലിറ്റി-സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ മൂന്ന് തവണ ഫീസില്ലാതെ കണ്സള്ട്ടേഷന്, കിടത്തി ചികിത്സയില്‍ 17 ഇനങ്ങളില്‍ ( മുറി വാടക, തിയേറ്റര്‍ ചാര്‍ജ്, ലബോറട്ടറി ചാര്‍ജുകള്‍, യു.എസ്.ജി സ്കാന്‍, ഐ.സി.യു ചാര്‍ജ് (ജനറല്‍), ഇ.സി.ജി, ഇ.ഇ.ജി, ഇ.എം.ജി, എക്സറേ, കാര്‍ഡിയാക് ഐ.സി.യു, ടി.എം.ടി, എക്കോ, ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി പ്രൊസീജ്യര്‍, സി.ടി സ്കാന്‍, എം.ആര്.ഐ സ്കാന്‍, ഹോള്‍ട്ടര്‍) 20 ശതമാനം ഇളവും നല്‍കും. വര്‍ഷത്തില്‍ പരമാവധി നാലായിരം രൂപയുടെ ചികിത്സാ ആനുകൂല്യം ഓഹരി ഉടമക്ക് ലഭിക്കും. ഔട്ട്പേഷ്യന്റ് വിഭാഗത്തില്‍ ലാബ്, എക്സറേ ചാര്‍ജുകളില്‍ 10 ശതമാനം ഇളവും ഓഹരി ഉടമക്ക് അപകട മരണം, സ്ഥിരമായ അംഗവൈകല്യം സംഭവിച്ചാല്‍ ഒരുലക്ഷം രൂപയുടെ ധനസഹായവും നല്‍കും.
ഷെയര്‍ ഡി കോംബോ ഓഹരി നിക്ഷേപ മൂല്യത്തിനനനുസരിച്ച് പ്രതിവര്‍ഷം വരുമാനവും ചികിത്സാ ചിലവില്‍ ഇളവും നല്കുന്ന പദ്ധതി നിലവിലുണ്ട്. ഈ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ഒ.പി വിഭാഗത്തില്‍ ഫീ ഇല്ലാതെ കണ്സള്ട്ടേഷന്, ഹെല്‍ത്ത് ചെക്കപ്പ്, കിടത്തി ചികിത്സക്ക് 17 ഇനങ്ങളില്‍ ഇളവുകള്‍, ഹോം കെയര്‍ സേവനം (അഞ്ച് ലക്ഷവും അതിന് മുകളിലും ഉള്ളവര്‍ക്ക്) എന്നിവ ലഭിക്കും. ഷെയര്‍ ഡി കോംബോ രണ്ടുലക്ഷം, മൂന്ന് ലക്ഷം, നാല് ലക്ഷം, അഞ്ച് ലക്ഷം പദ്ധതിയില്‍ ചേരുന്നവര്‍ക്ക് യാഥാക്രമം 8000, 12000, 16000, 20000 രൂപ വരുമാനവും ലഭിക്കും. രണ്ട് ലക്ഷം രൂപയുടെ പദ്ധതി പ്രകാരം നാല് പേര്‍ക്കും, മൂന്ന് ലക്ഷവും അതിന് മുകളിലുമുള്ള പദ്ധതി പ്രകാരം അഞ്ച് പേര്‍ക്കും ചികിത്സ പ്രതിവര്‍ഷം ലഭിക്കും. രണ്ട്ലക്ഷം രൂപ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് പ്രതിവര്‍ഷം രണ്ട് സമ്പൂര്‍ണ ഹെല്‍ത്ത് ചെക്കപ്പും മൂന്ന്, നാല്, അഞ്ച്ലക്ഷം രൂപ പദ്ധതിയില്‍ ഓഹരി ഉടമ ഉള്‍പ്പെടെ മൂന്ന്, നാല്, അഞ്ച് വീതം നോമിനികള്‍ക്കും ഹെല്‍ത്ത് ചെക്കപ്പ് പ്രതിവര്‍ഷം സൗജന്യമാണ്. മികച്ച ചികിത്സ എല്ലാ വിഭാഗങ്ങളിലും ഒരുക്കുന്നതിനാണ് പൊതുജനാരോഗ്യ ഓഹരി പദ്ധതി പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ കെ.കെ ലതിക, സി.ഇ.ഒ സന്തോഷ്കുമാര്‍, ഡയരക്ടര്‍മാരായ എം.കെ രമേഷ്, അഡ്വ. കെ.ജയരാജന്, ശോഭ ടി.വി, സി.കെ രേണുകാദേവി, സന്നാഫ് പാലക്കണ്ടി, ബിജുരാജ് ടി.സി എന്നിവര്‍ സംബന്ധിച്ചു.