മാഡം, ഇത് രാഷ്ട്രീയമാക്കരുത്; ദയവായി ഇറങ്ങിപ്പോകൂ; സമരവേദി വിടാന്‍ ബൃന്ദ കാരാട്ടിനോട് അഭ്യര്‍ത്ഥിച്ച് സമരക്കാര്‍

മാഡം, ഇത് രാഷ്ട്രീയമാക്കരുത്; ദയവായി ഇറങ്ങിപ്പോകൂ; സമരവേദി വിടാന്‍ ബൃന്ദ കാരാട്ടിനോട് അഭ്യര്‍ത്ഥിച്ച് സമരക്കാര്‍

ഡല്‍ഹി: ‘മാഡം, ഇത് രാഷ്ട്രീയമാക്കരുത്, ദയവായി വേദിയില്‍ നിന്ന് പോകാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു’. വനിത ഗുസ്തി താരങ്ങള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമത്തിനെതിരേയുള്ള ഗുസ്തി താരങ്ങളുടെ സമരവേദിയിലെത്തിയ ഇടത് നേതാവ് ബൃന്ദകാരാട്ടിനോട് വേദിവിടാന്‍ അഭ്യര്‍ത്ഥിച്ച് സമരക്കാര്‍. ഡല്‍ഹി ജന്തര്‍മന്തറിലെ സമരവേദിയിലേക്കാണ് ബൃന്ദയെത്തിയത്. ഇത് കായികതാരങ്ങളുടെ പ്രതിഷേധമാണെന്ന് ടോക്കിയോ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് ബജ്റംഗ് പുനിയ കാരാട്ടിനോട് പറഞ്ഞു.

‘അവര്‍ ഇവിടെ വന്ന് ധര്‍ണയില്‍ ഇരിക്കാന്‍ നിര്‍ബന്ധിതരാകുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ഏത് നിറത്തിലുള്ള സര്‍ക്കാരും സ്ത്രീയുടെ ഏത് പരാതിയിലും നടപടിയെടുക്കണമെന്ന് ഉറപ്പാക്കണം, അന്വേഷണം അവസാനിക്കുന്നതുവരെ, കുറ്റാരോപിതനായ വ്യക്തിയെ നീക്കം ചെയ്യണം’. സമരവേദിക്കടുത്ത് നിന്ന് ബൃദ്ധ പറഞ്ഞു.

അതേസമയം, ‘കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ട്. ഇന്ന് തന്നെ പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിക്കും’ എന്ന് പ്രതിഷേധക്കാരെ സന്ദര്‍ശിച്ച ബി.ജെ.പി നേതാവ് കൂടിയായ ബബിത ഫോഗട്ട് അറിയിച്ചു. ‘ഞാന്‍ ഒരു ഗുസ്തിക്കാരിയാണ്. ബി.ജെ.പി സര്‍ക്കാര്‍ ഗുസ്തിക്കാര്‍ക്കൊപ്പമാണുള്ളത്. ഇന്ന് തന്നെ നടപടിയെടുക്കുമെന്ന് ഞാന്‍ ഉറപ്പാക്കും. ഞാനും സര്‍ക്കാരിലുണ്ട്. അതിനാല്‍ മധ്യസ്ഥത വഹിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. എന്റെ കരിയറില്‍ ദുരുപയോഗം ചെയ്യപ്പെട്ട സംഭവങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. തീയില്ലാതെ പുകയില്ല. ഈ ശബ്ദങ്ങള്‍ പ്രധാനമാണ്,’ ബബിത ഫോഗട്ട് പറഞ്ഞു.

72 മണിക്കൂറിനുള്ളില്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയോട് രാജ്യത്തെ കായിക താരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ബി.ജെ.പി എം.പി കൂടിയായ ഡബ്ല്യു.എഫ്.ഐ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ചരണ്‍ സിംഗ് ആരോപണങ്ങള്‍ നിഷേധിച്ചു. അതോടൊപ്പം ട്രിപ്പിള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവും ഇന്ത്യയിലെ ഏറ്റവും അലങ്കരിച്ച വനിതാ ഗുസ്തിക്കാരിലൊരാളായ വിനേഷ് ഫോഗട്ട് ആരോപണങ്ങളുമായി പരസ്യമായി രംഗത്തെത്തിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. താന്‍ ഒരിക്കലും ഇത്തരം ചൂഷണം നേരിട്ടിട്ടില്ല. എന്നാല്‍ പല ഗുസ്തിക്കാരും ഭയം കാരണമാണ് മുന്നോട്ട് വരാത്തതെന്നും ഫോഗട്ട് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *