മുക്കം: കക്കാട് ഗവ.എല്‍.പി സ്‌കൂളിലെ നിലവിലുള്ള കെട്ടിടത്തില്‍ പുതുതായി നിര്‍മിച്ച ക്ലാസ്‌റൂമിന്റെ ഉദ്ഘാടനം നാളെ (വെള്ളി) ഉച്ചയ്ക്ക് 2.30ന് ലിന്റോ ജോസഫ് എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത അധ്യക്ഷത വഹിക്കും. തിരുവമ്പാടി മുന്‍ എം.എല്‍.എ ജോര്‍ജ് എം.തോമസ് മുഖ്യാതിഥിയാകും. വാര്‍ഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എടത്തില്‍ ആമിന, മുക്കം എ.ഇ.ഒ പി ഓംകാരനാഥന്‍, കുന്ദമംഗലം ബി.പി.സി മനോജ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ജോര്‍ജ് എം.തോമസ് എം.എല്‍.എയുടെ 2020-21 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പുതിയ ക്ലാസ് റൂം നിര്‍മിച്ചിട്ടുള്ളത്. സ്‌കൂളിന്റെ 65-ാമത് വാര്‍ഷികാഘോഷത്തിന്റെ സംഘാടകസമിതി രൂപീകരണവും നാളെ നടക്കും. കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റേയും പ്രവാസികളുടേയും നാട്ടുകാരുടേയും സഹായത്തോടെ സ്‌കൂളിനോട് ചേര്‍ന്നുള്ള കണ്ടോളിപ്പാറയില്‍ വാങ്ങിയ 22 സെന്റ് സ്ഥലത്താണ് സ്‌കൂളിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള കുറ്റന്‍ ഹൈടെക് കെട്ടിട സമുച്ചയം പണിയുക. ഇതിനായി തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫിന്റെ ആസ്തി വികസന ഫണ്ടില്‍നിന്നും രണ്ടര കോടിയോളം രൂപയാണ് ചെലവഴിക്കുക. ലോകോത്തര മാതൃകയിലുള്ള അത്യാധുനിക കെട്ടിട സമുച്ചയത്തിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എം.എല്‍.എ ഫണ്ടില്‍നിന്ന് ഇതിനകം ഒരു കോടി 34 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സ്‌കൂളിന്റെ 65-ാമത് വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ ഫെബ്രുവരി 24ന് കക്കാട് കണ്ടോളിപ്പാറയിലെ പഞ്ചായത്ത് ഓപ്പണ്‍ സ്റ്റേജില്‍ നടക്കും. പാഠ്യ-പാഠ്യേതര രംഗത്ത് മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ വിവിധ എന്‍ഡോവ്മെന്റുകളുടെ വിതരണവും സ്‌കൂള്‍ വാര്‍ഷികത്തില്‍ നടക്കും.