കുഷ്ഠരോഗ നിര്‍മാര്‍ജനം: ആരോഗ്യവകുപ്പിന്റെ ഭവന സന്ദര്‍ശനത്തിന് തുടക്കമായി

കുഷ്ഠരോഗ നിര്‍മാര്‍ജനം: ആരോഗ്യവകുപ്പിന്റെ ഭവന സന്ദര്‍ശനത്തിന് തുടക്കമായി

കോഴിക്കോട്: കുഷ്ഠരോഗ നിര്‍മാര്‍ജനത്തിനായി ആരോഗ്യവകുപ്പ് നടത്തുന്ന ‘അശ്വമേധം’ ഭവന സന്ദര്‍ശന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. തുടര്‍ച്ചയായി 14 ദിവസം (ജനുവരി 18 മുതല്‍ 31 വരെ) ജില്ലയിലെ മുഴുവന്‍ വീടുകളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം സര്‍വേ നടത്തും. ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, പഞ്ചായത്ത് പ്രതിനിധികള്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച സ്ത്രീ-പുരുഷ വളണ്ടിയര്‍മാരാണ് വീടുകളില്‍ സന്ദര്‍ശനം നടത്തുക.200 വീടുകള്‍ അല്ലെങ്കില്‍ 1000 ആളുകളെ ഒരു സംഘം ഒരു ദിവസം സന്ദര്‍ശിക്കും. ഇവര്‍ കുഷ്ഠരോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും പ്രാഥമിക പരിശോധന നടത്തുകയും ചെയ്യും. രോഗത്തിന് സമാനമായ ലക്ഷണമുള്ളവരെ കണ്ടെത്തിയാല്‍ രോഗനിര്‍ണയത്തിനായി ആശുപത്രിയിലെത്തിച്ച് തുടര്‍ ചികിത്സ ലഭ്യമാക്കും. രണ്ട് വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് പരിശോധന നടത്തുക.

രോഗബാധിതര്‍ക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ലഭ്യമാക്കുമെന്ന് ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. മോഹന്‍ദാസ്.ടി പറഞ്ഞു. നേരത്തേ രോഗനിര്‍ണ്ണയം നടത്തുന്നതുവഴി കുഷ്ഠരോഗം മൂലമുണ്ടാകുന്ന അംഗവൈകല്യവും രോഗ സങ്കീര്‍ണ്ണതകളും ദീര്‍ഘകാല ചികിത്സയും ഒഴിവാക്കാന്‍ കഴിയും. ജില്ലയില്‍ 2021-22 വര്‍ഷത്തില്‍ 14 പുതിയ രോഗികളെ കണ്ടെത്തിയിരുന്നു. തൊലിപ്പുറത്ത് നിറം മങ്ങിയതും ചുവന്നതുമായ പാടുകള്‍, സ്പര്‍ശം, ചൂട്, തണുപ്പ്, വേദന എന്നിവ അറിയാതിരിക്കല്‍, പരിധീയ നാഡികളില്‍ തൊട്ടാല്‍ വേദന, കൈകാല്‍ മരവിപ്പ് എന്നിവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ കുഷ്ഠരോഗ ചികിത്സ സൗജന്യമാണ്. കൂടാതെ രോഗിക്ക് പ്രതിമാസം 1000 രൂപ ചികിത്സാ ചെലവിലേക്ക് നല്‍കുകയും ചെയ്യും.

ഡെപ്യൂട്ടി കലക്ടര്‍ കെ.ഹിമ യുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ കുഷ്ഠരോഗ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.മോഹന്‍ദാസ്, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ സുരേഷ്.ടി, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് ശെല്‍വ രത്‌നം.പി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.മുഹമ്മദ് മുസ്തഫ, എന്‍.എച്ച്.എം കണ്‍സള്‍ട്ടന്റ് ദിവ്യ.സി, എന്‍.എച്ച്.എം ആശാ കോ-ഓര്‍ഡിിനേറ്റര്‍ ഷൈനു പി.സി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *