ജോസിന് ദ്വന്ദവ്യക്തിത്വം; ജോസ് കെ. മാണിയുടേത് വൈരാഗ്യത്തിന്റെ രാഷ്ട്രീയശൈലി: ബിനു

ജോസിന് ദ്വന്ദവ്യക്തിത്വം; ജോസ് കെ. മാണിയുടേത് വൈരാഗ്യത്തിന്റെ രാഷ്ട്രീയശൈലി: ബിനു

സ്വഭാവവൈകല്യം മനസിലാക്കി സി.പി.എം വിട്ടുവീഴ്ച്ച ചെയ്തു

പാല: നഗരസഭാധ്യക്ഷ സ്ഥാനം നിഷേധിക്കപ്പെട്ടതിന് പിന്നാലെ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിക്കെതിരെ പരസ്യവിമര്‍ശനവുമായി സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബിനു പുളിക്കക്കണ്ടം. ജോസ് കെ. മാണിയുടേത് വൈരാഗ്യത്തിന്റെ രാഷ്ട്രീയ ശൈലിയാണെന്നും ഇരട്ട വ്യക്തിത്വത്തിന് ഉടമയാണെന്നും ബിനു പുളിക്കക്കണ്ടം വിമര്‍ശിച്ചു. ജോസ് കെ. മാണിയുടെ സ്വഭാവ വൈകല്യം മനസിലാക്കികൊണ്ടായിരിക്കും സി.പി.എം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായതെന്നും ബിനു അഭിപ്രായപ്പെട്ടു.

താന്‍ നഗരസഭാധ്യക്ഷ സ്ഥാനം ആഗ്രഹിച്ചിരുന്നു. അണികളെ ബോധ്യപ്പെടുത്താനെങ്കിലും പാര്‍ട്ടി ഈ ചതിക്ക് കൂട്ടുനില്‍ക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം വളരെ ആലോചിച്ചെടുത്ത തീരുമാനമായിരിക്കാം ചെയര്‍മാന്‍ പദവി വിട്ടുകൊടുത്തത്. പാര്‍ട്ടിയില്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനായിരിക്കും. ഓടു പൊളിച്ച് കൗണ്‍സിലില്‍ വന്ന ആളല്ല താന്‍. തെറ്റായ കീഴ്വഴക്കങ്ങളിലൂടെ ഉണ്ടായ തീരുമാനമാണ് ജോസിന്‍ ബിനോയുടെ ചെയര്‍മാന്‍ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തിന്റെ ഭാഗമായിട്ടല്ല കറുപ്പ് ധരിച്ചത്. തന്നെ ഒറ്റപ്പെടുത്തിയപ്പോള്‍ നേരിട്ട ചതി വീണ്ടും ഓര്‍മ്മ വരാനാണ് കറുപ്പണിഞ്ഞതെന്നും പ്രതിഷേധത്തിന്റെ കറുപ്പല്ല, ആത്മ സമര്‍പ്പണത്തിന്റെ കറുപ്പാണ് താന്‍ ധരിച്ച വേഷമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തിനും കാലം മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയുടെ ഇടപെടലാണ് തന്റെ ചെയര്‍മാന്‍ സ്ഥാനം ഇല്ലാതാക്കിയത്. ജോസിന് വൈരാഗ്യം വരുന്ന കാര്യങ്ങളൊന്നും താന്‍ ചെയ്തിട്ടില്ല. കലഹത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയമാണ് അദ്ദേഹത്തിന്റേതെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു.

ഇന്ന് നടന്ന അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര ജോസിന്‍ ബിനോ പാലാ നഗരസഭയില്‍ തെരഞ്ഞെടുക്കപ്പെട്ടു. 17 വോട്ട് നേടിയായിരുന്നു വിജയം. എതിര്‍ സ്ഥാനാര്‍ത്ഥി വിസി പ്രിന്‍സിന് 7 വോട്ട് കിട്ടി. ഒരു വോട്ട് അസാധുവായി. പേര് എഴുതി ഒപ്പിടാത്തതിനാലാണ് ഒരു വോട്ട് അസാധുവായത്. ഒരു സ്വതന്ത്ര കൗണ്‍സിലര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. യുഡിഎഫിനൊപ്പം നില്‍ക്കുന്ന ജിമ്മി ജോസഫാണ് വിട്ടു നിന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *