‘സാഹിത്യത്തിലെ കൊടുക്കല്‍ വാങ്ങലുകള്‍’: സെമിനാര്‍ സംഘടിപ്പിച്ചു

‘സാഹിത്യത്തിലെ കൊടുക്കല്‍ വാങ്ങലുകള്‍’: സെമിനാര്‍ സംഘടിപ്പിച്ചു

കോഴിക്കോട്: സമൃദ്ധവും സമ്പന്നവുമായ അനേകം ഭാഷകള്‍ ഇന്ത്യയില്‍ ഒരുമിച്ച് വളരുന്നുണ്ടെങ്കിലും അവയിലെ വിലപ്പെട്ട വിഭവങ്ങള്‍ സ്വന്തം ഭാഷയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ദുരവസ്ഥ മാറണമെന്നും വിവര്‍ത്തനത്തിലൂടെയുള്ള വിഭവവിനിമയം നടക്കുമ്പോള്‍ മാത്രമേ ഭാരതത്തിന്റെ ഭാവൈക്യം സുഗമമാകൂ എന്നും കേരള ഹിന്ദി പ്രചാരസഭയും ഭാഷാ സമന്വയ വേദിയും ചേര്‍ന്ന് നടത്തിയ സെമിനാറിലെ പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. വിവര്‍ത്തനത്തിനുള്ള പൊതു കണ്ണിയായി ഹിന്ദിയുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ‘സാഹിത്യത്തിലെ കൊടുക്കല്‍ വാങ്ങലുകള്‍’ എന്ന വിഷയത്തിലുള്ള സെമിനാര്‍ കവി പ്രഭാവര്‍മ്മ ഉദ്ഘാടനം ചെയ്തു. നദികള്‍ സംസ്‌കാരങ്ങളെ വളര്‍ത്തിയതുപോലെ ഭാഷകള്‍ സംസ്‌കാരത്തെ പുഷ്ടിപ്പെടുത്തുന്നുണ്ടെന്നും ഒരു ഭാഷയിലെ കൃതിയുടെ വൈശിഷ്ട്യം സഹോദര ഭാഷകളിലുള്ളവര്‍ക്കും ആസ്വദിക്കാനുള്ള അവസരം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള ഹിന്ദി പ്രചാരസഭയില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഡോ.കെ.സി അജയകുമാര്‍ അധ്യക്ഷത വഹിച്ചു. 24 ഭാഷകളിലെ സമുന്നതരായ സാഹിത്യകാരന്മാരുടെ സംഭാഷണങ്ങള്‍ വിവര്‍ത്തനം ചെയ്ത് ഭാഷാ സമന്വയ വേദി പ്രസിഡന്റ് ഡോ.ആര്‍സു രചിച്ച ഇന്ത്യയെ കണ്ടെത്തല്‍ ഇന്ത്യന്‍ സാഹിത്യത്തിലൂടെ എന്ന പുസ്തകം കേരള യൂണിവേഴ്‌സിറ്റി പ്രൊഫ. ഡോ.എ.എം.ഉണ്ണികൃഷ്ണന് നല്‍കിക്കൊണ്ട് പ്രഭാവര്‍മ്മ പ്രകാശനം ചെയ്തു. ഹിന്ദിയില്‍ നേടാനായ അറിവിന്റെ ബലത്തിലാണ് ഭാരതത്തിലെ ഭാഷാ വൈവിധ്യവും സമാനതയും പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം തയ്യാറാക്കാന്‍ സാധിച്ചതെന്ന് ഡോ.ആര്‍സു വെളിപ്പെടുത്തി. തുമ്പമണ്‍ തങ്കപ്പന്‍ വിഷയം അവതരിപ്പിച്ചു. ഹിന്ദി പ്രചാരസഭാ സെക്രട്ടറി അഡ്വ.ബി.മധു സ്വാഗതവും ഡോ.സി.ജെ പ്രസന്നകുമാരി നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *