ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേരുമെന്ന് സി.പി.ഐ. എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ക്ഷണക്കത്തിനു നല്‍കിയ മറുപടിയിലാണ് സി.പി.ഐ പങ്കെടുക്കുമെന്നറിയിച്ചത്. സി.പി.ഐ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി.രാജ, ബിനോയ് വിശ്വം എം.പി എന്നിവര്‍ സമാപന പരിപാടിയില്‍ പങ്കെടുക്കും. ഒരുമിച്ച് നിന്ന് മെച്ചപ്പെട്ട ഇന്ത്യയെ സാധ്യമാക്കാമെന്ന് സി.പി.ഐ നിലപാട് പ്രഖ്യാപിച്ചു.
ജനുവരി 30ന് ജമ്മുകശ്മീരിലെ ശ്രീനഗറിലാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം. സമാപനത്തിലേക്ക് 23 പ്രതിപക്ഷ പാര്‍ട്ടികളെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തെ പ്രതിപക്ഷത്തിന്റെ ശക്തി തെളിയിക്കുന്നതായിരിക്കും സമാപനസമ്മേളനമെന്നും കൂടുതല്‍ പ്രതിപക്ഷ കക്ഷികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സി.പി.ഐക്കു പുറമേ സി.പി.എം, ഡി.എം.കെ, ജെ.ഡി.യു തുടങ്ങിയ കക്ഷികളും പങ്കെടുക്കാനാണ് സാധ്യത.