ജന്തുജന്യ രോഗങ്ങളെ നേരിടാന്‍ സംസ്ഥാനത്തെ സുസജ്ജമാക്കും: മന്ത്രി ചിഞ്ചു റാണി

ജന്തുജന്യ രോഗങ്ങളെ നേരിടാന്‍ സംസ്ഥാനത്തെ സുസജ്ജമാക്കും: മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരം: പക്ഷിപ്പനി, ആഫ്രിക്കന്‍ പന്നിപ്പനി തുടങ്ങി മനുഷ്യരിലേക്ക് പടര്‍ന്നു പിടിച്ചേക്കാവുന്ന ജന്തുജന്യരോഗങ്ങളെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിനകത്തെ സംവിധാനങ്ങള്‍ സജ്ജമാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കന്നുകാലികളിലെ ചര്‍മ്മ മുഴയ്‌ക്കെതിരെ, ഒരു മാസം നീണ്ടു നില്‍ക്കുന്ന സൗജന്യ പ്രതിരോധ കുത്തിവയ്പ് ക്യാംപയിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍വച്ച് നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ തന്നെ രോഗനിര്‍ണയം നടത്താനും വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കുമുള്ള അനുമതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. നിലവില്‍ പേ വിഷബാധയ്‌ക്കെതിരേയുള്ള വാക്‌സിനുകള്‍ സംസ്ഥാനത്ത് തന്നെ ഉല്‍പാദിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ഇതിനായി വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
കാലികളില്‍ പടരുന്ന ചര്‍മ്മ മുഴ നിയന്ത്രിക്കാനായി ഇന്നു മുതല്‍ ഒരു മാസക്കാലത്തേക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിനായി സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിന്‍ സംഭരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്തിടെ പന്നിപ്പനിയും പക്ഷിപ്പനിയും നിയന്ത്രിക്കുവാന്‍ വേണ്ടി കൊന്നൊടുക്കിയ വകയിലുള്ള പൂര്‍ണ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് നല്‍കിയതായും മന്ത്രി പറഞ്ഞു. പക്ഷിപ്പനി നഷ്ടപരിഹാരം ആയി നാല് കോടിയും പന്നിപ്പനി നഷ്ടപരിഹാരം ആയി 86 ലക്ഷം രൂപയും ഇത് വരെ നല്‍കിക്കഴിഞ്ഞു
നഗരത്തിലെ കര്‍ഷകര്‍ക്കായി നല്‍കുന്ന കോഴിയും കൂടും നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാം കെ ഡാനിയല്‍ അധ്യക്ഷനായ ചടങ്ങില്‍ വികസന സ്ഥിരം സമിതി അധ്യക്ഷ നജിബത്ത്, കൗണ്‍സിലര്‍ ബി. ഷൈലജ, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ.കെ. അജിലാസ്റ്റ്, പ്രോജക്ട് കോ- ഓഡിനേറ്റര്‍ ഡോ. സിന്ധു. എസ്, ഡോ. എസ്. പ്രിയ, ഡോ. ഡി. ഷൈന്‍ കുമാര്‍, ഡോ.ആര്‍.ഗീതാ റാണി, വി.സുകമാരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *