കോഴിക്കോട്: ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന കൈയ്യേറ്റങ്ങള്‍ സമൂഹം ചര്‍ച്ച ചെയ്യണമെന്നും കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്നുണ്ട്. നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല. ഡോക്ടര്‍മാര്‍ ദൈവമല്ലെന്ന് നാം തിരിച്ചറിയണം. സാധാരണ മനുഷ്യന്റെ വികാര വിചാരങ്ങളും പ്രശ്നങ്ങളും അവര്‍ക്കുമുണ്ട്. ഒരു ഡോക്ടറും ബോധപൂര്‍വം രോഗികള്ക്കെതിരായി പ്രവര്‍ത്തിക്കില്ല. കഴിവിന്റെ പരമാവധി രോഗികളെ സുഖപ്പെടുത്തന് അങ്ങേയറ്റം പരിശ്രമിക്കുന്നവരാണ് ഡോക്ടര്‍മാരില്‍ മഹാഭൂരിപക്ഷവും. ജനങ്ങളുടെ വൈകാരിക പ്രകടനങ്ങള്‍ അതിര് കടന്നാല്‍ റിസ്ക്കുള്ള കേസുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ മടിക്കും. ഇത് നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും.
ഒരു പ്രശ്നമുണ്ടാകുമ്പോള്‍ രണ്ട് വശവും കേള്‍ക്കാന്‍ തയ്യാറാകണം. ആള്കൂട്ടങ്ങളെ മിസ്ഗൈഡ് ചെയ്ത് കുഴപ്പമുണ്ടാക്കുന്നവരെ തിരിച്ചറായാന്‍ സാധിക്കണം. പല സര്‍ജറികളും മണിക്കൂറുകളോളം ഒരേ നില്പ്പില് നിന്നാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്. ഇതെല്ലാം നാമെല്ലാവരും തിരിച്ചറിയണം. ആശുപത്രി ആക്രമങ്ങള്‍ക്കെതിരേ ഐ.എം.എയും കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷനും ഐ.എം.എ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എം.എ പ്രസിഡന്റ് ഡോ.ബി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പ്രശ്നം ഉണ്ടാകുമ്പോള്‍ മീഡിയ ഇരുവിഭാഗത്തിന്റേയും ഭാഗം കേട്ടതിന്ശേഷം വാര്‍ത്ത നല്‍കണമെന്നും വാര്‍ത്തകള്‍ വണ്സൈഡാകരുതെന്നും ഡോ.വേണുഗോപാല്‍ അഭ്യര്‍ഥിച്ചു. മെഡിക്കല്‍കോളേജ് പ്രിന്സിപ്പാല് ഡോ. ഇ.വി ഗോപി, ഐ.എം.എ സേഫ് ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ് സ്റ്റേറ്റ് കണ്‍വീനര്‍ ഡോ.പവന് മധുസൂദനന്, പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഹുസൈന്‍കോയ തങ്ങള്‍, റിട്ട എസ്.പി എന്‍.സുഭാഷ്ബാബു, ഡോ.പി.എന്‍ അജിത, ഐ.എം.എ സെക്രട്ടറി ഡോ.സന്ധ്യകുറുപ്പ്, കെ.പി.എച്ച.എ പ്രസിഡന്റ് മിലിമോണി, സെക്രട്ടറി പി.രജീഷ്, ഡോ.വി.ജി പ്രദീപ്കുമാര്‍ പ്രസംഗിച്ചു.