കാര്യവട്ടം സ്റ്റേഡിയത്തില്‍ കാണികള്‍ കുറഞ്ഞത് കായികമന്ത്രിയുടെ പരാമര്‍ശം, അല്‍പ്പം വിവേകം കാണിക്കൂ: പന്ന്യന്‍ രവീന്ദ്രന്‍

കാര്യവട്ടം സ്റ്റേഡിയത്തില്‍ കാണികള്‍ കുറഞ്ഞത് കായികമന്ത്രിയുടെ പരാമര്‍ശം, അല്‍പ്പം വിവേകം കാണിക്കൂ: പന്ന്യന്‍ രവീന്ദ്രന്‍

കണ്ണൂര്‍: കാര്യവട്ടം സ്റ്റേഡിയില്‍ ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിനു കാണികള്‍ കുറഞ്ഞതില്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ വിമര്‍ശിച്ച് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ‘പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ട’ എന്ന പരാമര്‍ശം വരുത്തിവച്ച വിന ഇന്നലെ നേരില്‍ കണ്ടു. വിവേകത്തിന്റെ വഴി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ഇത്തരം പരാമര്‍ശങ്ങള്‍ വരുത്തുന്ന നഷ്ടം കെ.സി.എയ്ക്ക് മാത്രമല്ല, സര്‍ക്കാരിനു കൂടിയാണെന്ന് ഇനിയെങ്കിലും മനസിലാക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മന്ത്രിയുടെ പരാമര്‍ശം കാരണമാണ് ഒഴിഞ്ഞ ഗ്യാലറി കളിക്കാരെ സ്വീകരിച്ചതെന്ന് പന്ന്യന്‍ കുറ്റപ്പെടുത്തി. കായിക പ്രേമികളുടെ അവകാശത്തെ തടയാന്‍ ശ്രമിക്കുന്നത് പരിതാപകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പന്ന്യന്‍ രവീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാന്‍ കഴിഞ്ഞവര്‍ മഹാഭാഗ്യവാന്മാരാണെന്ന് പറയാം. വീരാട് കോലിയും ശുഭ്മന്‍ഗില്ലും നിറഞ്ഞാടിയതും എതിരാളികളെ എറിഞ്ഞൊതുക്കീക്കൊണ്ട് സിറാജ് നടത്തിയ ഉജ്ജ്വല പ്രകടനവും വിജയത്തിന്റെ വഴി എളുപ്പമാക്കി. കളിയിലെ ഓരോ ഓവറും പ്രത്യേകതകള്‍ നിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിര്‍ഭാഗ്യത്തിന് ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചത്. ഇത് പരിതാപകരമാണ്. പ്രധാനപ്പെട്ട മല്‍സരങ്ങള്‍ നേരില്‍കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് തിരിച്ചടിയാകും. കളിയെ പ്രോല്‍സാഹിപ്പിക്കേണ്ടവര്‍ നടത്തിയ അനാവശ്യ പരാമര്‍ശങ്ങള്‍ ഈ ദുസ്തിതിക്ക് കാരണമായിട്ടുണ്ട്.

കായിക രംഗത്തെ പരമാവധി പ്രോല്‍സാഹിപ്പിക്കുവാന്‍ ബാധ്യതപ്പെട്ടവര്‍ കായിക പ്രേമികളുടെ അവകാശത്തെ തടയാന്‍ ശ്രമിക്കരുത്. വിവാദങ്ങള്‍ക്ക് പകരം വിവേകത്തിന്റെ വഴി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. ‘പട്ടിണി കിടക്കുന്നവര്‍ കളികാണേണ്ട’ എന്ന പരാമര്‍ശം. വരുത്തിവെച്ച വിന ഇന്നലെ നേരില്‍കണ്ടു. നാല്‍പതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത് ആറായിരമായി ചുരുങ്ങിയതില്‍ വന്ന നഷ്ടം കെ.സി.എക്ക് മാത്രമല്ല, സര്‍ക്കാറിന് കൂടിയാണെന്ന് പരാമര്‍ശക്കാര്‍ ഇനിയെങ്കിലൂം മനസ്സിലാക്കണം. ഇന്റര്‍നാഷണല്‍ മല്‍സരങ്ങള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടം ക്രിക്കറ്റ് ആരാധകര്‍ക്കും സംസ്ഥാന സര്‍ക്കാരിനുമാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *