മാഹി: മാഹി ഉള്‍പ്പടെ പുതുച്ചേരി സംസ്ഥാനത്തെ പോലിസ് സേനാംഗങ്ങള്‍ക്ക് പത്ത് വര്‍ഷംകൊണ്ട് ഹെഡ് കോണ്‍സ്റ്റബിളും , 20വര്‍ഷം കൊണ്ട് എ.എസ്.ഐയും, 30 വര്‍ഷം കൊണ്ട് എസ്.ഐയും എന്ന രീതിയില്‍ സെലക്ഷന്‍ ഗ്രേഡ് പ്രൊമോഷന്‍ നല്‍കണമെന്ന് ജനശബ്ദം മാഹി, ചീഫ് സെക്രട്ടറി രാജീവ് വര്‍മ്മയോട് ആവശ്യപ്പെട്ടു. സെലക്ഷന്‍ ഗ്രേഡ് ആയതിനാല്‍ യഥാര്‍ഥ റാങ്ക് എന്താണോ ആ റാങ്കിലുള്ള ശമ്പളം മാത്രമേ ലഭിക്കുകയുള്ളൂ. സര്‍ക്കാരിന് അധിക ബാധ്യത വരില്ല. 15,25, 35 എന്നതിന് പകരം ഗ്രേഡ് പ്രമോഷന്‍ 10-20-30 എന്ന രീതിയിലാക്കണമെന്നാണ് സേനാംഗങ്ങള്‍ ആവശ്യപ്പെടുന്നത്. ഇതിന്റെ ഫയല്‍ ഇപ്പോള്‍ ചീഫ് സെക്രട്ടറിയുടെ മുന്നിലാണുള്ളത്. ഈ ആവശ്യം മാനുഷികമായ പരിഗണന മുന്‍നിര്‍ത്തി നടപ്പിലാക്കണം.
ഇപ്പോള്‍ 15 വര്‍ഷത്തെ സര്‍വീസുള്ളവര്‍ക്ക് സെലക്ഷന്‍ ഗ്രേഡ് ഹെഡ് കോണ്‍സ്റ്റബിളും , 25 വര്‍ഷത്തിന് ശേഷം സെലക്ഷന്‍ ഗ്രേഡ് എ.എസ്.ഐയും, 35 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ സെലക്ഷന്‍ ഗ്രേഡ് എസ്.ഐയുമാകാമെന്നാണ് നിലവിലെ പ്രൊമോഷന്‍ വ്യവസ്ഥ. കേരളത്തിലടക്കം മറ്റു ചില സംസ്ഥാനങ്ങളിലും എട്ട് വര്‍ഷംകൊണ്ട് ഹെഡ് കോണ്‍സ്റ്റബിളും ,15 വര്‍ഷം കൊണ്ട് എ.എസ്.ഐയും 25 വര്‍ഷം കൊണ്ട് ഗ്രേഡ് എസ്.ഐ.യുമാകാമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാഹിയില്‍ റേഷന്‍ സംവിധാനം പുനഃസ്ഥാപിക്കാനും, മാഹി – പുതുച്ചേരി റൂട്ടില്‍ പുതിയ സര്‍ക്കാര്‍ ബസുകള്‍ അനുവദിക്കാനും നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് നിവേദക സംഘത്തിന് ചീഫ് സെക്രട്ടറി ഉറപ്പ് നല്‍കി. ചാലക്കര പുരുഷു, സുരേഷ് പന്തക്കല്‍, ദാസന്‍ കാണി, ടി.എ.ലതീപ്, പി.വി.ചന്ദ്രദാസ്, ആര്‍ട്ടിസ്റ്റ് സതി ശങ്കര്‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.